വൈപ്പിൻ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഡിസിസി വൈസ് പ്രസിഡൻ്റ് ടിറ്റോ ആൻ്റണി കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്ത്. ജാതീയമായ കാരണങ്ങൾ പറഞ്ഞ് തന്നെ മാറ്റിനിർത്തിയെന്നും, പാർട്ടിക്ക് വേണ്ടി നിരവധി ത്യാഗങ്ങൾ സഹിച്ച തന്നെ പരിഗണിക്കാതെ പുറത്തുനിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് വൈപ്പിൻ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി ഡിസിസി വൈസ് പ്രസിഡൻ്റ് ടിറ്റോ ആൻ്റണി. വൈപ്പിൻ നിയമസഭാ മണ്ഡലത്തിൽ തന്നെ പരിഗണിക്കാത്തതിലും ജാതീയമായ കാരണങ്ങൾ പറഞ്ഞ് മാറ്റിനിർത്തുന്നതിലും പ്രതിഷേധിച്ച് ഡിസിസി വൈസ് പ്രസിഡന്റ് ടിറ്റോ ആന്റണി രംഗത്തെത്തി. തന്റെ പ്രവർത്തന പാരമ്പര്യത്തെയും സമുദായ പശ്ചാത്തലത്തെയും മുൻനിർത്തി നേതൃത്വത്തിന് നേരെ കടുത്ത വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക് പോസ്റ്റ് ഇങ്ങനെ

എന്റെ അപ്പച്ചൻ ക്രൈസ്തവരിൽ കത്തോലിക്ക വിഭാഗത്തിലെ സിറിയൻ (RC) ആണ്. അമ്മച്ചി ലത്തീൻ കുടുംബത്തിലാണ് ജനിച്ചത്. സ്വാഭാവികമായും പിതാവിന്റെ ജാതി സർട്ടിഫിക്കറ്റ് പ്രകാരം ഞാൻ സുറിയാനിയാണ്. ഇനി ഞങ്ങൾ മൂന്നു മക്കളിൽ നടുവിലുള്ള എന്റെ പെങ്ങളെ കെട്ടിച്ചു കൊടുത്തത് പറവൂരിൽ ഉള്ള പുരാതന ലത്തീൻ കുടുംബത്തിൽ ആണ്. ഇനി വിഷയത്തിലേക്ക് വരാം.

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈപ്പിൻ നിയോജക മണ്ഡലത്തിൽ നാട്ടുകാരനായ എന്നെയും പരിഗണിക്കണമെന്ന് നേതൃത്തോട് ആവശ്യപ്പെട്ടിരുന്നു. സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടങ്ങിയപ്പോൾ പറഞ്ഞത്, ലത്തീൻ വിഭാഗത്തിനാണ് സീറ്റ്‌ 'നീ 916 ലത്തീൻ അല്ല ' എന്നാണ് നേതൃത്വം പറഞ്ഞത്. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ വല്ലാർപ്പാടം പള്ളിയിരിക്കുന്ന ജില്ല പഞ്ചായത്ത്‌ ഡിവിഷൻ ചോദിച്ചപ്പോൾ പറഞ്ഞത് മറ്റ് ഡിവിഷനുകൾ എല്ലാം ക്രിസ്ത്യൻ കാൻഡിഡേറ്റസ് ആണ്. അത് കൊണ്ട് മാറി നിൽക്കണമെന്നാണ്. ഞാനൊരു പ്രതിഷേധവും കൂടാതെ പാർട്ടിക്ക് വേണ്ടി നിലകൊണ്ടു.

ഫ്ലാഷ് ബാക്ക്.....

എന്റെ സജീവ രാഷ്ട്രീയം തുടങ്ങുന്നത് മഹാരാജാസ് കോളേജിൽ നിന്നാണ് കെഎസ്‍യു ജില്ല സെക്രട്ടറി, ജില്ല പ്രസിഡന്റ്‌,യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ പദവികൾ വഹിച്ചയാളാണ്. ഇന്ന് ഡിസിസി വൈസ് പ്രസിഡന്റ്‌ ആണ്. ഞാറക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ്‌ കൂടി ആണ്. വളരെ കഷ്ടപ്പെട്ടാണ് തിരിച്ചു പിടിച്ചതാണ് ആ ബാങ്ക്. ഈ സ്ഥാനമാനങ്ങൾ എല്ലാം പാർട്ടി കഴിവിന്റെ അടിസ്ഥാനത്തിൽ തന്നതാണ്. അന്നേരം എന്റെ ജാതിയോ മതമോ ഒര് പ്രശ്നമല്ലായിരുന്നു. വൈപ്പിനിൽ നാട്ടുകാർ മത്സരിക്കണമെന്നുള്ള വികാരം തീവ്രമായി നിലനിൽക്കേ.... പാർട്ടി പരിഗണിച്ച ആളുകളിൽ ഒരാൾ "കൊച്ചി" നിയോജകമണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവസരം ലഭിച്ചയാളാണ്. മറ്റേത് രണ്ട് യൂത്തന്മാർ ആണ്... വെയിൽ കൊള്ളാത്ത, സമരങ്ങളിൽ പോലീസ് മർദ്ദനമേൽക്കാത്ത, ജല പീരങ്കിയടിച്ചാൽ ഒര് തുള്ളി വെള്ളം ശരീരത്ത് വീണാൽ അലർച്ചിയുള്ള, സമര കേസുകളിൽ പോലും പേര് വന്നാൽ ഭയപ്പെടുന്നവരാണ്.ഇവരാരും വൈപ്പിൻകാരല്ല സ്ഥാനാർഥി നിർണ്ണയത്തിൽ കഴിവ് അല്ല മാനദണ്ഡം...എന്നാണ് ഇതൊക്കെ കാണുമ്പോൾ മനസ്സിലാവുന്നത്.

ഒര് തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ എല്ലാ സമുദായത്തിലെയും നിഷ്പക്ഷരായ ആളുകൾ വോട്ട് ചെയ്തെങ്കിലേ ആ സ്ഥാനാർത്ഥി വിജയിക്കുകയുള്ളൂ....എന്നാണ് എന്റെ അറിവ്. കഴിഞ്ഞ 10 വർഷം സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം നയിക്കുകയും പോലീസ് മർദ്ദനം ഏൽക്കുകയും, ജയിലിൽ കിടക്കുകയും ചെയ്ത അനേകം കോൺഗ്രസ്‌ പ്രവർത്തകരിൽ ഒരാളാണ് ഞാൻ. 50 ഓളം കേസുകളിൽ പ്രതിയായി ഇന്നും കോടതി വരാന്തകളിൽ ആണ് ഞാൻ. പ്രതിസന്ധി കാലഘട്ടത്തിൽ പാർട്ടിയെ പ്രതിരോധത്തിൽ ആക്കില്ല. എന്നും പാർട്ടി കൂറുള്ളവനായി നിലകൊള്ളും. -