വാടക കുടിശ്ശിക ചോദിച്ചതിന് വ്യാജപീഡന പരാതി നൽകിയ വനിത എസ്.ഐക്കെതിരെ അന്വേഷണം തുടങ്ങി

By Web TeamFirst Published Nov 8, 2021, 6:25 PM IST
Highlights

കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫീസിലെ വനിതാ എസ്ഐ സുഗുണവല്ലി കഴിഞ്ഞ നാലു മാസമായി വാടക നല്‍കുന്നില്ലെന്ന് കാണിച്ച് പന്നിയങ്കരയില്‍ നിന്നുളള കുടുംബമാണ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയത്.

കോഴിക്കോട്: വാടകക്കുടിശിക ചോദിച്ചതിന് വീട്ടുടമയ്ക്കെതിരെ വനിതാ എസ്ഐയുടെ (women SI) പീഡന പരാതി. പരാതി വ്യാജമെന്ന് (Fake rape Case) വ്യക്തമായതോടെ എസ്ഐക്കെതിരെ പൊലീസ് വകുപ്പ് തല അന്വേഷണം തുടങ്ങി. കോഴിക്കോട് സിറ്റി പൊലീസിലെ (Kozhikode City Police) വനിതാ എസ്ഐ സുഗുണവല്ലിക്കെതിരെയാണ് അന്വേഷണം.

കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫീസിലെ വനിതാ എസ്ഐ സുഗുണവല്ലി കഴിഞ്ഞ നാലു മാസമായി വാടക നല്‍കുന്നില്ലെന്ന് കാണിച്ച് പന്നിയങ്കരയില്‍ നിന്നുളള കുടുംബമാണ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്താനായി സിഐ വിളിപ്പിച്ചെങ്കിലും എസ്ഐ സുഗുണവല്ലി ആദ്യം ഹാജരായില്ല. നാലു ദിവസത്തിന് ശേഷം പന്നിയങ്കര സ്റ്റേഷനില്‍ എത്തിയ സുഗുണവല്ലി വീട്ടുടമയുടെ മകളുടെ ഭര്‍ത്താവ് തന്‍റെ കൈയില്‍ കയറി പിടിച്ചതായി പരാതി നല്‍കി. തന്‍റെ വിവാഹ മോതിരം ഊരിയെടുത്തെന്നും വീടിന് നല്‍കിയ അഡ്വാന്‍സ് തുകയായ 70000രൂപയും ചേര്‍ത്ത് ഒരു ലക്ഷം രൂപ തിരികെ തിരികെ കിട്ടാനുണ്ടെന്നും പരാതിയിലുണ്ടായിരുന്നു. 

തുടര്‍ന്ന് പന്നിയങ്കര പൊലീസ് വീട്ടുടമയുടെ മരുമകനെതരെ പീഡനക്കുറ്റം ചുമത്തി കേസ് എടുത്തു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വാടക കുടിശിക ചോദിച്ചതിലുളള വൈരാഗ്യത്തില്‍ സുഗുണവല്ലി കെട്ടിച്ചമച്ച പരാതിയാണിതെന്ന് വ്യക്തമായത്. മാത്രമല്,ല തന്‍റെ കുടുംബത്തെക്കുറിച്ചും മറ്റും എസ്ഐ നല്‍കിയ വിവരങ്ങളും  കളവായിരുന്നെന്ന് വ്യക്തമായി. 

ഇതോടെയാണ് ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയത്. ഫറോഖ് അസിസ്റ്റന്‍റ് കമ്മീഷണര്‍ എംഎം സിദ്ദീഖിനാണ് അന്വേഷണ ചുമതല. സബ് ഇന്‍സ്പെക്ടര്‍ പദവി ദുരുപയോഗം ചെയ്ത് സുഗുണവല്ലി പല ആനുകൂല്യങ്ങളും കൈപ്പറ്റിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

click me!