പ്രൊഫ എംഎസ് സ്വാമിനാഥനും പ്രൊഫ താണു പദ്മനാഭനും കേരള ശാസ്ത്ര പുരസ്കാരം

Published : Aug 17, 2021, 12:56 PM ISTUpdated : Aug 17, 2021, 01:19 PM IST
പ്രൊഫ എംഎസ് സ്വാമിനാഥനും പ്രൊഫ താണു പദ്മനാഭനും കേരള ശാസ്ത്ര പുരസ്കാരം

Synopsis

സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടമാണ് പ്രൊഫ. താണു പത്മനാഭനെ പുരസ്‌കാര അർഹനാക്കിയത്

തിരുവനന്തപുരം: ശാസ്ത്രപ്രതിഭകൾക്ക് സംസ്ഥാനം നൽകുന്ന ഏറ്റവും ഉയർന്ന അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം ഇത്തവണ പ്രൊഫ. എംഎസ് സ്വാമിനാഥനും, പ്രൊഫ താണു പത്‌മനാഭനും സമ്മാനിക്കും. ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണ് രണ്ടു പേരേയും പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. 

സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടമാണ് പ്രൊഫ. താണു പത്മനാഭനെ പുരസ്‌കാര അർഹനാക്കിയത്.  കൃഷിശാസ്ത്ര ഗവേഷണ മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടം പരിഗണിച്ചാണ് പ്രൊഫ. എം.എസ്. സ്വാമിനാഥനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് കേരള ശാസ്ത്ര പുരസ്കാരം. ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംയുക്തമായാണ് പുരസ്കാരം നല്‍കുന്നത്. 

പ്രൊഫ എംഎസ് സ്വാമിനാഥൻ

1925 ൽ ജനിച്ച  പ്രൊഫ. എം.എസ്. സ്വാമിനാഥൻ ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയാണ്. തിരുവനന്തപുരം യുണിവേഴ്സ്റ്റി കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. കോയമ്പത്തൂർ കാർഷിക കോളേജ്, ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ തുടർ പഠനം നടത്തി. 1952 ൽ കേംബ്രിഡ്ജ്  സർവകലാശാലയിൽ നിന്നും ജനിതകശാസ്ത്രത്തിൽ പി.എച്ച്.ഡി. കരസ്ഥമാക്കി. ഇന്ത്യൻ പരിസ്ഥിതിക്ക് ഇണങ്ങുന്നതും അത്യുത്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് ശ്രീ സ്വാമിനാഥനെ അന്തർദ്ദേശീയതലത്തിൽ പ്രശസ്തനാക്കിയത്. കാർഷികമേഖലയിൽ അദ്ദേഹം നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ അദ്ദേഹത്തെ ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കാൻ ഇടയാക്കി.

പ്രൊഫ താണു പദ്മനാഭൻ

പ്രൊഫ. താണു പത്മനാഭൻ 1957 ൽ തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം യൂണിവേഴിസിറ്റി കോളേജിൽ നിന്നും സ്വർണ്ണമെഡലോടെ ബി.എസ്.സി. എം.എസ്.സി. ബിരുദങ്ങൾ നേടി. മുംബൈയിലെ ഡി.ഐ.എഫ്.ആറിൽ നിന്ന് പി.എച്ച്.ഡി. കരസ്ഥമാക്കി. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം,. ക്വാണ്ടം ഗുരുത്വം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന വിഷയങ്ങൾ.പൂനയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സിലെ അക്കാദമി വിഭാ​ഗം ഡീനായി വിരമിച്ച അദ്ദേഹം ഇപ്പോൾ അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്നു.

PREV
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു