
തൃശ്ശൂർ: ഈ വർഷത്തെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞ പ്രൊഫ. പാൽകുളങ്ങര കെ അംബിക ദേവിക്ക്. ഗുരുവായൂർ ദേവസ്വം നൽകുന്ന പുരസ്കാരമാണിത്. കഴിഞ്ഞ ആറു പതിറ്റാണ്ടായി കർണാടക സംഗീത ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. ഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണ്ണപ്പതക്കം, 50,001 രൂപ, പ്രശസ്തി പത്രം, ഫലകം, പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്കാരം. നവംബർ 16ന് നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാ ആചാര്യ അവാർഡ് നേടിയ പ്രൊഫ. പാൽകുളങ്ങര കെ.അംബികാദേവി മൂന്നു പതിറ്റാണ്ടിലേറെയായി തിരുവനന്തപുരം സ്വാതി തിരുനാൾ ഗവൺമെൻ്റ് സംഗീത കോളേജിൽ അധ്യാപികയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. പ്രൊഫസറായി സർവ്വീസിൽ നിന്നും വിരമിച്ചു.