പദ്ധതിക്ക് രൂപമായില്ല; സംസ്ഥാനത്തെ അണക്കെട്ടുകളിലെ മണൽ ഖനനത്തിന് കാത്തിരിക്കണം

By Web TeamFirst Published Jun 5, 2020, 8:54 AM IST
Highlights

കെഎസ്ഇബിയുടെയും ജലവിഭവ വകുപ്പിന്‍റെയും കീഴിലുളള ഡാമുകളില്‍ വര്‍ഷങ്ങളായി അടിഞ്ഞു കൂടിക്കിടക്കുന്ന മണല്‍ ഖനനം ചെയ്താല്‍ ഖജനാവിലേക്ക് അത് മുതല്‍ക്കൂട്ടാകുമെന്നാണ് ധനമന്ത്രിയുടെ കണക്കുകൂട്ടല്‍

തിരുവനന്തപുരം: പമ്പ മണൽ നീക്കം വിവാദമായതോടെ തിരിച്ചടി നേരിട്ട സംസ്ഥാന സര്‍ക്കാരിന് ഡാമുകളിൽ നിന്നുള്ള മണല്‍ഖനനത്തിലും കാത്തിരിക്കേണ്ടി വരും. ജലവിഭവ വകുപ്പിന്‍റെയും കെഎസ്ഇബിയുടെയും ഡാമുകളില്‍ നിന്ന് മണല്‍ വാരാനുളള പദ്ധതിക്ക് ഇനിയും രൂപമായിട്ടില്ല. ജലവിഭവ വകുപ്പിന്‍റെ 11 ഡാമുകളില്‍ നിന്നും കെഎസ്ഇബിയുടെ എട്ട് ഡാമുകളില്‍ നിന്നും മണല്‍ ഖനനം ചെയ്യാനാണ് ശ്രമം.

സംസ്ഥാന ധനവകുപ്പ് മന്ത്രി തോമസ് ഐസക്, ഏറെക്കാലമായി കൊണ്ടുനടക്കുന്ന ആശയമാണ് ഡാമുകളില്‍ നിന്നുളള മണല്‍വാരല്‍. പല കാരണങ്ങളാല്‍ നേരത്തെ നടപ്പാവാതെ പോയ ഈ പദ്ധതി കഴിഞ്ഞ ബജറ്റില്‍ വീണ്ടും അവതരിപ്പിച്ചിരുന്നു. കെഎസ്ഇബിയുടെയും ജലവിഭവ വകുപ്പിന്‍റെയും കീഴിലുളള ഡാമുകളില്‍ വര്‍ഷങ്ങളായി അടിഞ്ഞു കൂടിക്കിടക്കുന്ന മണല്‍ ഖനനം ചെയ്താല്‍ ഖജനാവിലേക്ക് അത് മുതല്‍ക്കൂട്ടാകുമെന്നാണ് ധനമന്ത്രിയുടെ കണക്കുകൂട്ടല്‍. 

ഡാമുകളിലെ മണല്‍ വാരല്‍ എന്ന ആശയം സ്വന്തം നിലയില്‍ നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട അനുഭവമുളള കെഎസ്ഇബിക്കും ജലവിഭവ വകുപ്പിനും ഈ പദ്ധതിയെക്കുറിച്ച് സന്ദേഹമുണ്ട്. ഡാമില്‍ എത്ര മണലുണ്ടെന്ന പഠനം നടത്താതെ ഒന്നും പറയാനാകില്ലെന്ന നിലപാടിലാണ് ഇരു കൂട്ടരും. ലോവര്‍ പെരിയാര്‍ ഡാമിലെ മണല്‍ നീക്കാന്‍ കെഎസ്ഇബി 2010 മുതല്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും വനംവകുപ്പ് അനുമതി നല്‍കാത്തത് തിരിച്ചടിയായി

ജലവിഭവ വകുപ്പാകട്ടെ മംഗലം ഡാമിലെ മണല്‍ നീക്കാന്‍ 2017മുതല്‍ നീക്കങ്ങള്‍ തുടങ്ങുകയും ആഗോള ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തെങ്കിലും പങ്കെടുത്തത് ഒരു കമ്പനി മാത്രമാണ്. വീണ്ടും ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ്. ബജറ്റ് പ്രഖ്യാപനം കണക്കിലെടുത്ത് ഡാമുകളിലെ മണലിന്‍റെ അളവിനെ കുറിച്ച് വിശദമായ സര്‍വേ നടത്താനാണ് കെഎസ്ഇബിയുടെ തീരുമാനം. 

മാട്ടുപ്പെട്ടി, സെങ്കുളം, കല്ലാര്‍കുട്ടി, ആനയിറങ്കല്‍, പൊന്മുടി തുടങ്ങിയ ഡാമുകളില്‍ ഒരുമിച്ചാകും സര്‍വേ നടത്തുക. മഴക്കാലത്തിനു ശേഷമാകും ഇത്. ജലവിഭവ വകുപ്പാകട്ടെ 10 ഡാമുകളിലെ മണല്‍ ഖനനം സംബന്ധിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനായി ബെംഗലൂരു ആസ്ഥാനമായ ബില്‍ഡ് മെറ്റ് എന്ന കമ്പനിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഡാമില്‍ നിന്ന് മണല്‍ഖനനം നടത്തി പരിചയമുളള ആരുമില്ലെന്നതും വെല്ലുവിളിയാണ്. ചുരുക്കത്തില്‍, മണലില്‍ നിന്നുളള വരുമാനം സംബന്ധിച്ച ധനമന്ത്രിയുടെ കണക്കുകൂട്ടല്‍ യാഥാര്‍ത്ഥ്യമാകുമോ എന്നറിയാന്‍ ഇനിയും നാളുകള്‍ വേണ്ടിവരും.

click me!