അണക്കെട്ടുകളിലെ മണല്‍ ഖനനം നടപടികള്‍ നീളും; വിശദമായ പഠനം ആവശ്യമെന്ന് വാദം

Web Desk   | Asianet News
Published : Jun 05, 2020, 08:44 AM ISTUpdated : Jun 05, 2020, 11:35 AM IST
അണക്കെട്ടുകളിലെ മണല്‍ ഖനനം നടപടികള്‍ നീളും; വിശദമായ പഠനം ആവശ്യമെന്ന് വാദം

Synopsis

 ജലവിഭവ വകുപ്പാകട്ടെ മംഗലം ഡാമിലെ മണല്‍ നീക്കാന്‍ 2017മുതല്‍ നീക്കങ്ങള്‍ തുടങ്ങുകയും ആഗോള ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തെങ്കിലും പങ്കെടുത്തത് ഒരു കമ്പനി മാത്രം. ‍‍

തിരുവനന്തപുരം:  പമ്പ ത്രിവേണിയിലെ മണല്‍ നീക്കത്തിത്തില്‍ കൈപൊളളിയ സര്‍ക്കാരിന് ഡാമുകളിലെ മണല്‍ഖനനത്തിന്‍റെ കാര്യത്തിലും കാത്തിരിപ്പ് വേണ്ടി വരും. ജലവിഭവ വകുപ്പിന്‍റെയും കെഎസ്ഇബിയുടെയും ഡാമുകളില്‍ നിന്ന് മണല്‍ വാരാനുളള ബജറ്റ് പ്രഖ്യാപനം വന്ന് മാസങ്ങളായിട്ടും പദ്ധതിക്ക് രൂപമായിട്ടില്ല. ജലവിഭവ വകുപ്പിന്‍റെ 11 ഡാമുകളില്‍ നിന്നും കെഎസ്ഇബിയുടെ എട്ട് ഡാമുകളില്‍ നിന്നും മണല്‍ ഖനനം ചെയ്യാനാണ് ശ്രമം.

ധനമന്ത്രി തോമസ് ഐസക് ഏറെക്കാലമായി കൊണ്ടുനടക്കുന്ന ആശയമാണ് ഡാമുകളില്‍ നിന്നുളള മണല്‍വാരല്‍. നേരത്തെ പല കാരണങ്ങളാല്‍ നടപ്പാവാതെ പോയ ഈ പദ്ധതി കഴിഞ്ഞ ബജറ്റില്‍ വീണ്ടും അവതരിപ്പിച്ചു. കെഎസ്ഇബിയുടെയും ജലവിഭവ വകുപ്പിന്‍റെയും കീഴിലുളള ഡാമുകളില്‍ വര്‍ഷങ്ങളായി അടിഞ്ഞുകൂടിക്കടക്കുന്ന മണല്‍ ഖനനം ചെയ്താല്‍ ഖജനാവിലേക്ക് അത് മുതല്‍ക്കൂട്ടാകുമെന്നാണ് ധനമന്ത്രിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഡാമുകളിലെ മണല്‍ വാരല്‍ എന്ന ആശയം സ്വന്തം നിലയില്‍ നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട അനുഭവമുളള കെഎസ്ഇബിക്കും ജലവിഭവ വകുപ്പിനും ഈ പദ്ധതിയെക്കുറിച്ച് സന്ദേഹമുണ്ട്. 

ഡാമില്‍ എത്ര മണലുണ്ടെന്ന പഠനം നടത്താതെ ഒന്നും പറയാനാകില്ലെന്ന നിലപാടിലാണ് ഇരു കൂട്ടരും. ലോവര്‍ പെരിയാര്‍ ഡാമിലെ മണല്‍ നീക്കാന്‍ കെഎസ്ഇബി 2010മുതല്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും വനംവകുപ്പ് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഈ നീക്കം വിജയിച്ചില്ല. ജലവിഭവ വകുപ്പാകട്ടെ മംഗലം ഡാമിലെ മണല്‍ നീക്കാന്‍ 2017മുതല്‍ നീക്കങ്ങള്‍ തുടങ്ങുകയും ആഗോള ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തെങ്കിലും പങ്കെടുത്തത് ഒരു കമ്പനി മാത്രം.
‍‍
 തുടര്‍ന്ന് വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ബജറ്റ് പ്രഖ്യാപനം കണക്കിലെടുത്ത് ഡാമുകളിലെ മണലിന്‍റെ അളവ് സംബന്ധിച്ച് വിശദമായ സര്‍വേ നടത്താനാണ് കെഎസ്ഇബി തീരുമാനം. മാഡുപ്പെട്ടി, സെങ്കുളം, കല്ലാര്‍കുട്ടി, ആനയിറങ്കല്‍, പൊന്‍മുടി തുടങ്ങിയ ഡാമുകളില്‍ ഒരുമിച്ചാകും ബാത്തിമെട്രിക്ക് എന്ന സര്‍വേ നടത്തുക. 

മഴക്കാലത്തിനു ശേഷമാകും ഈ നടപടികള്‍. ജലവിഭവ വകുപ്പാകട്ടെ 10 ഡാമുകളിലെ മണല്‍ ഖനനം സംബന്ധിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനായി ബാംഗലൂരു ആസ്ഥാനമായ ബില്‍ഡ് മെറ്റ് എന്ന കന്പനിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഡാമില്‍ നിന്ന് മണല്‍ഖനനം നടത്തി പരിചയമുളള ആരും തന്നെയില്ലെന്നതും വെല്ലുവിളിയാണ്. ചുരുക്കത്തില്‍, മണലില്‍ നിന്നുളള വരുമാനം സംബന്ധിച്ച ധനമന്ത്രിയുടെ കണക്കുകൂട്ടല്‍ യാഥാര്‍ത്ഥ്യമാകുമോ എന്നറിയാന്‍ ഇനിയും നാളുകള്‍ വേണ്ടിവരുമെന്നര്‍ത്ഥം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കൈക്കലാക്കിയത് ദേവസ്വം സ്വത്ത്, കുരുക്ക് മുറുക്കി ദേവസ്വം ഉത്തരവ്
'പാര്‍ട്ടിയിൽ ഭിന്നതയില്ല, മുന്നണി മാറ്റം ചര്‍ച്ച ചെയ്തിട്ടില്ല'; യുഡിഎഫിലേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് എംഎൽഎമാര്‍