
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണമെന്ന് പ്രോസിക്യൂഷൻ. ഒരുതവണ പരിശോധിച്ച കാർഡ് വീണ്ടും പരിശോധിക്കേണ്ട സാഹചര്യം വ്യക്തമാക്കാൻ വിചാരണ കോടതി ആവശ്യപ്പെട്ടു. ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യങ്ങളടക്കം കേസ് വരുന്ന വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
നടിയെ ആക്രമിക്കുന്ന അപകീർത്തികരമായ ദൃശ്യങ്ങൾ അടങ്ങുന്നതാണ് മെമ്മറി കാർഡ്. നിലവിൽ ഇത് പ്രത്യേക കോടതിയുടെ കൈവശമാണ്. ഇതിന് മുൻപ് കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ നേതൃത്വത്തിലുള്ള സംഘം ദൃശ്യങ്ങൾ കണ്ടെന്നും ഇത് മറ്റുള്ളവർക്ക് അയച്ചിട്ടുണ്ടെന്നുമാണ് പ്രോസിക്യൂഷൻ വാദം. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ മെമ്മറി കാർഡ് തിരുവനന്തപുരത്തെ സൈബർ ഫോറൻസിക് ലാബിൽ വീണ്ടും പരിശോധിക്കണമെന്ന് അസിസ്റ്റൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ പ്രോസിക്യൂഷൻ വാദം മെമ്മറി കാർഡ് വീണ്ടും പരിശോധിക്കേണ്ട സാഹചര്യം സാധൂകരിക്കുന്നില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. ഈ സംശയങ്ങൾക്ക് ഫോറൻസിക് ലാബിൽ നിന്നും നേരത്തെ ഉത്തരം കിട്ടിയിരുന്നു. മെമ്മറി കാർഡിലെ വിവരങ്ങൾ ലഭ്യമാക്കി നാല് റിപ്പോർട്ടുകൾ നൽകിയിട്ടും അതേ ചോദ്യങ്ങൾ പ്രോസിക്യൂഷൻ വീണ്ടും ആവർത്തിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് പ്രതിയ്ക്ക് കിട്ടിയെന്നാണോ പ്രോസിക്യൂഷൻ ആരോപിക്കുന്നതെന്ന് കോടതി ചോദിച്ചു. അങ്ങനെ അല്ല പ്രതികൾ ദൃശ്യങ്ങൾ കണ്ട സാഹചര്യത്തിലാണ് ആവശ്യം വീണ്ടും ഉന്നയിച്ചതെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. ദൃശ്യങ്ങളുടെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ കൈവശമുണ്ടെന്ന കാര്യം ഓർക്കണമെന്നും കോടതി പറഞ്ഞു. 2018 ഡിസംബർ 13ന് ശേഷം കാർഡ് ഉപയോഗിച്ചിട്ടില്ലെന്നാണ് ലാബ് റിപ്പോർട്ടിൽ നേരത്തെ വ്യക്തമായത്. തുടരന്വേഷണത്തിനുള്ള സമയപരിധിക്ക് മൂന്നാഴ്ച ബാക്കി നിൽക്കെ ആണ് പ്രോസിക്യൂഷന്‍റെ ഈ നീക്കമെന്നതാണ് ശ്രദ്ധേയമാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam