'കേസിനെ കാണുന്നത് ഭാരതീയനെന്ന നിലയിൽ, നീതി കിട്ടിയതിൽ അഭിമാനം'; വിദേശ വനിതയുടെ കൊലപാതകത്തിൽ പ്രോസിക്യൂട്ടർ

By Web TeamFirst Published Dec 2, 2022, 2:35 PM IST
Highlights

പ്രദേശത്തെ കുറിച്ച് യാതൊരു പരിചയവുമില്ലാത്ത യുവതിക്ക് ഈ സ്ഥലം നന്നായി അറിയാവുന്ന ഒരാളുടെ സഹായമില്ലാതെ എത്താൻ സാധിക്കില്ല എന്ന വാദം പ്രതിഭാഗം അംഗീകരിച്ചു. ആര് എന്നതായിരുന്നു അടുത്ത ചോദ്യം.

തിരുവനന്തപുരം : സാഹചര്യ തെളിവിനെ ആസ്പദമാക്കി തെളിയിക്കപ്പെട്ടതാണ് വിദേശ വനിതയുടെ കൊലപാതക കേസെന്ന് പ്രോസിക്യൂട്ടർ അഡ്വ. മോഹൻരാജ്. കോവളത്ത് വിദേശ വനിതയെ ലഹരിമരുന്ന് നൽകി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ട് 38 ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത് എന്നത് വെല്ലുവിളിയായിരുന്നു. മൃതദേഹം ജീർണ്ണിച്ച് തുടങ്ങിയിരുന്നു എന്നതിനാൽ പല തെളിവുകളും നഷ്ടപ്പെട്ടിരുന്നു. സാഹചര്യ തെളിവുകൾ ഉപയോഗിച്ച് കേസ് ബിൽഡ് ചെയ്യാൻ പൊലീസിന് കഴിഞ്ഞു. അത് കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷന് ആയി എന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രദേശത്തെ കുറിച്ച് യാതൊരു പരിചയവുമില്ലാത്ത യുവതിക്ക് ഈ സ്ഥലം നന്നായി അറിയാവുന്ന ഒരാളുടെ സഹായമില്ലാതെ എത്താൻ സാധിക്കില്ല എന്ന വാദം പ്രതിഭാഗം അംഗീകരിച്ചു. ആര് എന്നതായിരുന്നു അടുത്ത ചോദ്യം. 18 സാഹചര്യങ്ങൾ പ്രോസിക്യൂഷൻ മുന്നോട്ട് വച്ചു. അത് കോടതി അംഗീകരിക്കുകയായിരുന്നു. മാത്രമല്ല ഭാരതീയനെന്ന നിലയ്ക്കാണ് ഈ കേസിനെ കാണുന്നതെന്നും പ്രോസിക്യൂട്ടറായല്ലെന്നും അഡ്വ. മോഹൻരാജ് പറഞ്ഞു. അതിഥി ദേവോ ഭവ എന്ന് വിശ്വസിക്കുന്ന ഒരു നാട്ടിൽ വന്നിട്ട് ഇത്തരമൊരു ഹീനമായ കുറ്റകൃത്യം ഉണ്ടായപ്പോൾ അവർക്ക് പൊലീസിനൊപ്പം നിന്ന്  നീതി വാങ്ങിക്കൊടുക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

രണ്ട് സാക്ഷികൾ കൂറുമാറി. അതിൽ ഒരാൾ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. കെമിക്കൽ എക്സാമിനർ കൃത്യമായ മൊഴി നൽകാതെ വന്നതോടെ അദ്ദേഹം കൂറുമാറിയതായി പ്രഖ്യാപിക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പോസ്റ്റ്മോർട്ടം നടത്തിയ ഡോ ശശികലയുടെ യാതൊരു സംശയത്തിനും ഇടയില്ലാത്ത വിധം കൺക്ലൂസിവ് ആയ റിപ്പോർട്ട് കോടതി അംഗീകരിച്ചു. സാഹചര്യ തെളിവുകളെ അടിസ്ഥാനമാക്കി ബലാത്സംഗം തെളിയിക്കാമെന്ന് ഒരു കേസിൽ സുപ്രീം കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു. സ്വകാര്യഭാഗത്ത് മുറിവുകൾ ഉണ്ടായിരുന്നു. മൃതദേഹത്തിൽ അടിവസ്ത്രം ഉണ്ടായിരുന്നില്ല. ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അടിവസ്ത്രം കണ്ടെത്തിയിരുന്നു. ഇത് താൻ വിദേശത്തുനിന്ന് വാങ്ങി നൽകിയതാണെന്നെന്ന് യുവതിയുടെ സഹോദരി തിരിച്ചറിഞ്ഞു. ഇത്തരത്തിലുള്ള സാഹചര്യ തെളിവുകളിലൂടെയാണ് പ്രതികളെ കുടുക്കിയത്. 

Read More : കോവളത്ത് വിദേശവനിതയെ കൊലപ്പടുത്തിയ കേസിൽ രണ്ട് പ്രതികളും കുറ്റക്കാർ,ശിക്ഷ തിങ്കളാഴ്ച

click me!