
പാലക്കാട്: മുതിര്‍ന്ന പൗരയായ ഉമ്മയെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സീനിയര്‍ സിറ്റിസണ്‍ ആക്ട് പ്രകാരം ആര്‍ഡിഒ പുറപ്പെടുവിച്ച ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാന്‍ കേരളാ വനിതാ കമ്മീഷന്‍ ആണ്‍മക്കളോട് നിര്‍ദേശിച്ചു. പാലക്കാട് ഗസ്റ്റ്ഹൗസ് ഹാളില്‍ നടന്ന അദാലത്തിലാണ് 85 വയസായ ഉമ്മ പരാതിയുമായി എത്തിയത്. ഉമ്മയെ സംരക്ഷിക്കാന്‍ നാല് ആണ്‍മക്കളും തയാറാവുന്നില്ലെന്നതായിരുന്നു പരാതി. ഇത് സംബന്ധിച്ച് നേരത്തേ നല്‍കിയ പരാതിയിലാണ് റവന്യൂ ഡിവിഷണൽ ഓഫീസർ ഉത്തരവിറക്കിയത്.
എന്നാല്‍ അതുപോലും ഉള്‍ക്കൊള്ളാന്‍ മക്കള്‍ തയാറായില്ല. ഇരുകൂട്ടരുമായി സംസാരിച്ച വനിതാ കമ്മീഷന്‍ ആര്‍ ഡി ഒയുടെ ഉത്തരവ് മൂന്ന് ദിവസത്തിനകം നടപ്പിലാക്കണമെന്ന് മക്കളോട് ആവശ്യപ്പെടുകയായിരുന്നു. മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണം സമൂഹം ഗൗരവത്തോടെ കാണേണ്ട വിഷയമാണന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി പിന്നീട് പറഞ്ഞു.
ഏറെക്കാലമായി വേര്‍പിരിഞ്ഞു ജീവിച്ച രണ്ട് ദമ്പതികളെ തുടര്‍ച്ചയായ കൗണ്‍സിലിംഗിലൂടെ കൂട്ടി യോജിപ്പിക്കാനും സാധിച്ചു. ഗാര്‍ഹിക പീഡന പരാതികളാണ് ഇന്ന് പ്രധാനമായും കമ്മീഷന്റെ പരിഗണനയ്ക്ക് വന്നത്. പാലക്കാട് ജില്ലാതല അദാലത്തിന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി, വനിതാ കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണി എന്നിവര്‍ നേതൃത്വം നല്‍കി. ആകെ പരിഗണിച്ച 45 പരാതികളില്‍ 18 പരാതികള്‍ തീര്‍പ്പാക്കി.
27 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വച്ചു. അഡ്വ. ഷീബ,എസ്.ഐ. സുദര്‍ശന, സി.പി.ഒ അനീഷ, കൗണ്‍സിലര്‍മാരായ ബിന്ത്യ, ജിജിഷ തുടങ്ങിയവരും പരാതികള്‍ പരിഗണിച്ചു. പിന്നീട് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി, വനിതാ കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണി എന്നിവര്‍ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam