
കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ നടത്തിയതിന് ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ സി പി എമ്മിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ പയ്യന്നൂർ വെള്ളൂരിൽ പരസ്യ പ്രതിഷേധം. പുറത്താക്കപ്പെട്ട കുഞ്ഞികൃഷ്ണന് പിന്തുണയുമായി രംഗത്തെത്തിയ പ്രവർത്തകർ അദ്ദേഹത്തിന് രക്തഹാരം അണിയിച്ചാണ് സ്വീകരിച്ചത്. പാർട്ടി ഫണ്ട് മുക്കിയവർക്ക് മാപ്പില്ലെന്നും രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ടി ഐ മധുസൂദനൻ എം എൽ എക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഫണ്ട് തട്ടിപ്പ് ഉന്നയിച്ച ആളെ പുറത്താക്കിയ പാർട്ടി നേതൃത്വത്തിന്റെ നടപടിക്കെതിരെ സി പി എമ്മിന്റെ ശക്തികേന്ദ്രത്തിൽ തന്നെ പ്രതിഷേധം ഉയർന്നത് നേതൃത്വത്തിന് വലിയ തലവേദനയാകുമെന്ന് ഉറപ്പാണ്. രക്തസാക്ഷിക്കായി പിരിച്ച ഫണ്ടിൽ പോലും തട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തൽ തെളിവുകൾ സഹിതം വിവരിച്ചയാളെ പുറത്താക്കിയെന്നതിൽ സി പി എമ്മിലും നിരവധി ചോദ്യങ്ങൾ ഉയരാനാണ് സാധ്യത.
അതേസമയം പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനൊപ്പം വി കുഞ്ഞികൃഷ്ണനെതിരെ വ്യാപക പ്രചാരണലും നടത്തുകയാണ് സി പി എം. പയ്യന്നൂരിലെ വെള്ളൂരിൽ വി കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നിലേക്ക് പരനാറി, വർഗ വഞ്ചക മുദ്രാവാക്യവുമായെത്തിയ സി പി എം പ്രവർത്തകർ പടക്കം പൊട്ടിച്ചിരുന്നു. രക്തസാക്ഷി ധനാരാജിന്റെ കുടുംബാംഗത്തിന്റെ കല്യാണത്തിനായി കുഞ്ഞികൃഷ്ണൻ പോയ സമയത്ത് ആയിരുന്നു പ്രകടനം. ഒറ്റുകാരനെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിലും സി പി എം വ്യാപകമായി നടത്തുന്നുണ്ട്. കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്ന് പറഞ്ഞുകൊണ്ടാണ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, പുറത്താക്കൽ നടപടി പോലും വിശദീകരിച്ചത്. ജയിലിൽ ആയ സി പി എം കൗൺസിലർ വി കെ നിഷാദിന്റെ ഒപ്പമുള്ളവരാണ് തനിക്കെതിരെ പ്രകടനം നടത്തിയതെന്നാണ് വി കുഞ്ഞികൃഷ്ണൻ പറഞ്ഞത്.
ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവരം ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദ കൊടുങ്കാറ്റിനിടയിലാണ് കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണനെ സി പി എം പുറത്താക്കിയത്. പാർട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് വി കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്. കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 2022 ഏപ്രിൽ മാസം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണണൻ വീണ്ടും ആരോപിച്ചതെന്നും വി കുഞ്ഞികൃഷ്ണൻ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തോടെ പാർട്ടി ശത്രുക്കളുടെ കോടാലി കൈ ആയി മാറിയെന്നും രാഗേഷ് കുറ്റപ്പെടുത്തി. കുഞ്ഞികൃഷ്ണൻ ഉത്തമനായ കമ്മ്യൂണിസ്റ്റ് അല്ലെന്നും പാർട്ടിയെ വഞ്ചിച്ച ആളാണെന്നും ആരോപിച്ചാണ് പുറത്താക്കൽ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അഭിമുഖത്തിന് സമയം തിരഞ്ഞെടുത്തു. കുഞ്ഞികൃഷ്ണൻ പാർട്ടിയെ പിന്നിൽ നിന്ന് കുത്തി. ഇതിനെ നേരിടാൻ കെൽപ്പുള്ള പാർട്ടിയാണ് സി പി എം എന്നും ജില്ലാ സെക്രട്ടറി വിവരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam