രാത്രിയിൽ വീട് കയറിയുള്ള പരിശോധന ഒഴിവാക്കും; ഫ്രഷ് കട്ട് സമരസമിതി പ്രവർത്തകരുടെ വിമർശനത്തിന് പിന്നാലെ തീരുമാനം, ഉറപ്പ് നല്‍കി പൊലീസ്

Published : Oct 30, 2025, 07:15 AM IST
Fresh Cut Protest

Synopsis

താമരശ്ശേരി ഫ്രഷ് കട്ട് സമരത്തെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രാത്രിയിൽ വീട് കയറിയുള്ള പരിശോധന ഒഴിവാക്കുമെന്ന് സർവകക്ഷി യോഗത്തിൽ പൊലീസിന്‍റെ ഉറപ്പ്

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് സമരത്തെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രാത്രിയിൽ വീട് കയറിയുള്ള പരിശോധന ഒഴിവാക്കുമെന്ന് സർവകക്ഷി യോഗത്തിൽ പൊലീസിന്‍റെ ഉറപ്പ്. ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ഇന്ന് വൈകിട്ട് ജില്ലാ തല ഫെസിലിറ്റേഷൻ കമ്മറ്റി യോഗം വിളിച്ചു ചേർക്കാനും ധാരണയായി. ഫ്രഷ് കട്ടിന്‍റെ പ്രവർത്തനങ്ങൾ ചട്ടങ്ങൾ പാലിച്ചാണെന്ന റിപ്പോർട്ടാണ് ശുചിത്വ മിഷനും, മലിനീകരണ നിയന്ത്രണ ബോർഡുംജില്ലാ കളക്ടർക്ക് നൽകിയിരിക്കുന്നത്.

ഫ്രഷ് കട്ട്‌ സമരവുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് സർവ്വകക്ഷി യോഗം വിളിച്ചത്. സമരസമിതി പ്രവർത്തകരുടെ വീടുകളിൽ കയറിയുള്ള പൊലീസ് നടപടിക്കെതിരെ യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നു. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ വരെ പൊലീസ് രാത്രിയില്‍ പരിശോധന നടത്തുന്നത് അവസാനിപ്പിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ മാത്രമേ നടപടി ഉണ്ടാവുകയുള്ളൂവെന്ന് പൊലീസ് ഉറപ്പ് നല്‍കി. രാത്രികാല പരിശോധനയടക്കമുള്ള കാര്യങ്ങളില്‍ ഇളവ് വരുത്തുമെന്നും പൊലീസ് യോഗത്തെ അറിയിച്ചു.

സമരത്തിനിടയില്‍ നുഴഞ്ഞു കയറിയവരെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. ഫ്രഷ് കട്ട് തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിദഗ്ധരുള്‍പ്പെട്ട ജില്ലാ തല ഫെസിലിറ്റേഷന്‍ കമ്മറ്റിയെ ചുമതലപ്പെടുത്തി. പ്രദേശവാസികളുടെ പരാതികള്‍ കേള്‍ക്കാനായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തി പുതിയ കമ്മറ്റി രൂപീകരിക്കാനും തീരുമാനമായി. ഫ്രഷ് കട്ടില്‍ നിയമ ങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനം നടക്കുന്നതെന്ന റിപ്പോര്‍ട്ടാണ് ശുചിത്വ മിഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും കലക്ടര്‍ക്ക് നല്‍കിയത്. അതേ സമയം സമര സമിതി നേതാക്കളെ ക്ഷണിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നു. യോഗത്തിനെത്തിയ സമര സമിതി പ്രതിനിധികളെ ഉദ്യോഗസ്ഥര്‍തടഞ്ഞു. ഇരകളെ കേള്‍ക്കാതെ നടത്തിയ സര്‍വകക്ഷി യോഗം പ്രഹസനമാണെന്നായിരുന്നു സമര സമിതിയുടെ പ്രതികരണം.

 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം