
കൊച്ചി: പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. ടെര്‍മിനല്‍ നിര്‍മ്മാണസ്ഥലത്തേക്ക് നിരോധനാജ്ഞ ലംഘിച്ച് സമരക്കാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സ്ത്രീകളും കുട്ടികളുമടക്കം 200 ലധികം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രതിഷേധക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്. സമരത്തിൽ പങ്കെടുത്ത കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
നിരോധനാജ്ഞ ലംഘിച്ചാല്‍ കടുത്ത നടപടികളുണ്ടാകുമെന്ന പൊലീസ് മുന്നറിയിപ്പിനെ അവഗണിച്ചായിരുന്നു സമരസമിതിയുടെ മാര്‍ച്ച്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വർഷമായി മുടങ്ങിയ ടെര്‍മിനല്‍ നിര്‍മ്മാണം കഴിഞ്ഞ തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. ഇതോടെ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സമരവും ടെര്‍മിനല്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ തുടങ്ങിയിരുന്നു.
പദ്ധതിയുടെ 45 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തീകരിക്കാനായത്. പുതുവൈപ്പിലെ ജനങ്ങളുമായി ഒത്തുതീർപ്പിലെത്താൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സംസ്ഥാന സർക്കാരിനും സാധിച്ചിട്ടില്ല. റോഡ് മാർഗ്ഗം എൽപിജി എത്തിക്കുന്നതിലുള്ള അപകടസാധ്യത മുൻനിർത്തിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. എന്നാൽ ജനവാസ മേഖലയിൽ പദ്ധതി വരുന്നതിനെതിരെ ജനങ്ങൾ രംഗത്ത് വരികയായിരുന്നു. ഒൻപത് വർഷമായിട്ടും വെറും 45 ശതമാനം മാത്രമാണ് പൂർത്തിയായത്. ഈ സാഹചര്യത്തിൽ കനത്ത നഷ്ടമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ഉണ്ടായതെന്നാണ് വാദം. ഇതോടെയാണ് പൊലീസ് സുരക്ഷയിൽ നിർമ്മാണം തുടങ്ങാൻ തീരുമാനിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam