
കൊച്ചി : ബ്രഹ്മപുരം വിഷയത്തിൽ യുദ്ധക്കളമായി കൊച്ചി കോർപ്പറേഷൻ. കൗൺസിൽ യോഗത്തിനെത്തിയ മേയറെ തടയനുള്ള യുഡിഎഫ് കൗണ്‍സിലര്‍മാരുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചു. രണ്ടു കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. കൗൺസിൽ യോഗം തീരുമാനിച്ച മൂന്ന് മണിക്ക് മുമ്പെ യുഡിഎഫ്, ബിജെപി കൗൺസിലർമാരും ഡിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും കോർപ്പറേഷൻ പരിസരത്ത് തടിച്ച് കൂടി.
മേയർ എം അനിൽകുമാർ രാജി വയ്ക്കണമെന്നാണ് ആവശ്യം. ഭരണപക്ഷ അംഗങ്ങൾ മേയർക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചതോടെ പരിസരം സംഘർഷത്തിലേക്ക് നീങ്ങി. മേയർ എത്തിയതോടെ കോർപ്പറേഷൻ കവാടത്തിന് മുന്നിൽ തന്നെ പ്രതിപക്ഷം തടഞ്ഞു. ഉന്തും തള്ളും ബഹളവുമായി. പൊലീസ് ഇടപെട്ടു മേയറെ പ്രതിഷേധത്തിനിടയിലൂടെ ഓഫീസിനുള്ളിലേക്ക് എത്തിച്ചതോടെ സംഘർഷം അണപൊട്ടി. കൗൺസിൽ ഹാളിലേക്ക് കടക്കാൻ ശ്രമിച്ച മേയറെ തടഞ്ഞ പ്രതിഷേധക്കാരെ പൊലീസ് വലിച്ച് ഇഴച്ച് പുറത്തേക്കെത്തിച്ചു. ഇത് ഡിസിസി പ്രസിഡന്‍റ് ഇടപെട്ട് തടഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടു. രണ്ട് യുഡിഎഫ് കൗൺസിലർമാർക്ക് പരിക്കേറ്റു. പുരുഷ പൊലീസ് ആക്രമിച്ചതായി വനിത കൗൺസിലർമാർ ആരോപിച്ചു.
ചേമ്പറിലേക്ക് ഇരച്ചെത്തിയ യുഡിഎഫ് കൗൺസിലർമാരെ പൊലീസ് തടഞ്ഞു. ഭരണപക്ഷ കൗൺസിലർമാരുടെ സാന്നിദ്ധ്യത്തിൽ ഉടനെ അഞ്ച് മിനിറ്റ് കൗൺസിൽ യോഗം.ബ്രഹ്മപുരം വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യോഗം പിരിഞ്ഞു. പുറത്ത് യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധം തുടർന്നതോടെ മേയറുടെ ഓഫീസ് വാതിലിന്‍റെ രണ്ട് ചില്ലുകൾ തകർത്തു. തൊട്ട് പിന്നാലെ പൊലീസ് സംരക്ഷണത്തിൽ ഭരണപക്ഷ അംഗങ്ങളുടെ മുദ്രാവാക്യം വിളിയിൽ മേയർ കോർപ്പറേഷൻ ഓഫീസിന് പുറത്തേക്ക്.ഇതോടെയാണ് ഒന്നരമണിക്കൂർ നീണ്ട സംഘർഷാവസ്ഥ അയഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam