
തിരുവനന്തപുരം: തിരുവോണനാളിൽ സെക്രട്ടേറിയറ്റ് നടയിൽ കൊടിക്കുന്നിൽ സുരേഷിന്‍റെ പട്ടിണിക്കഞ്ഞി സത്യഗ്രഹം. കർഷക വഞ്ചനയിലും അവഹേളനത്തിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷ് എംപി യുടെ നേതൃത്വത്തിൽ പട്ടിണിക്കഞ്ഞി സത്യാഗ്രഹം നടത്തുന്നത്. തിരുവോണനാളിൽ സെക്രട്ടേറിയറ്റ് നടയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സമരം.
സംസ്ഥാനത്ത് 360 കോടി രൂപ നെൽകർഷകർക്ക് ഇനിയും നെല്ലുവില നൽകാനുണ്ട്. ക്വിന്റലിന് 28.20 രൂപയുടെ സ്ഥാനത്ത് ആശ്വാസമായി 7.92 രൂപാ മാത്രമായി നൽകിയത്. ഇത് കർഷക വഞ്ചനയാണന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു. കുട്ടനാട് ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയിൽ മാത്രം 6748 കർഷകർക്കായി 99 കോടിയാണ് സർക്കാർ നെല്ലുവില നൽകാനുള്ളത്. ഫെബ്രുവരിയിൽ കുട്ടനാട്ടിൽ ഉൾപ്പെടെ കൊയ്ത്ത് ആരംഭിക്കുമെന്ന് സർക്കാരിന് കൃത്യമായ അറിവുണ്ടായിരിക്കേ, ഏഴ് മാസങ്ങൾ ആകുമ്പോൾ 28% പണം മാത്രമായി നൽകുന്നതിൽപരം അവഹേളനം കർഷകർക്കുണ്ടാവാനില്ല. കേരളാ ബാങ്കുമായോ ബാങ്കുകളുടെ കൺസോർഷ്യവുമായോ കാലേകൂട്ടി ചർച്ച നടത്തിയിരുന്നെങ്കിൽ മാർച്ചിൽത്തന്നെ പണം നൽകിത്തുടങ്ങാമായിരുന്നു. കർഷകർക്ക് ഇടിത്തീ പോലെ നെല്ലുസംഭരണം വീണ്ടും സഹകരണ സംഘങ്ങളെ ഏൽപ്പിക്കാനുള്ള നീക്കവും നടക്കുന്നു. നെല്ലുസംഭരണത്തിലും അഴിമതി പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഒരുങ്ങിയാൽ ശക്തമായി എതിർക്കുമെന്നും കൊടുക്കുന്നിൽ സുരേഷ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam