
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ അർധരാത്രി മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. 70കാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പനി ബാധിച്ച് വണ്ടാനത്ത് ചികിത്സ തേടിയ ഉമൈബക്ക് ന്യുമോണിയ ബാധിച്ചു. അടിയന്തരമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതെ തുടർന്നാണ് മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ തിരിച്ചെത്തി പ്രതിഷേധിച്ചത്. പരിശോധിച്ച് നടപടി എടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതോടെ രാത്രി ഒരു മണിക്ക് പ്രതിഷേധം അവസാനിപ്പിച്ചു.
രാത്രി പതിനൊന്നരയോടെയാണ് ഉമൈബയുടെ മൃതദേഹവുമായി മകനും ബന്ധുക്കളും നൂറിലധികം നാട്ടുകാരും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിലെത്തിയത്. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്നും ഉത്തരവാദികൾക്കെതിരെ നടപടിയില്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പ്രതിഷേധക്കാര്‍ ശഠിച്ചു. പുന്നപ്ര സ്വദേശിയായ 70 വയസ്സുകാരി 25 ദിവസം മുൻപാണ് മെഡിക്കൽ കോളേജിൽ പനിബാധിച്ച് ചികിത്സക്ക് എത്തുന്നത്. നടന്നാണ് ഉമൈബ ആശുപത്രിയിൽ എത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. വാര്‍ഡിൽ പ്രവേശിപ്പിച്ച വൃദ്ധയുടെ അസുഖം പിന്നീട് മൂർച്ഛിച്ചു.
ഡോക്ടര്‍ അമ്പിളി എന്നാണ് മെഡിക്കൽ ഷീറ്റിൽ രേഖപ്പെടുത്തിയതെങ്കിലും ഒരിക്കൽ പോലും ഇവർ പരിശോധനക്കെത്തിയില്ല. പകരം ജൂനിയര്‍ ഡോക്ടര്‍മാരാണ് കണ്ടതെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് തലച്ചോറിൽ അണുബാധയടക്കം ഉണ്ടായി. പരാതിപ്പെട്ടതിനെ തുടര്‍ന്ന് സൂപ്രണ്ട് തന്നെ ഐസിയുവിലെക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ആദ്യം ജീവനക്കാര്‍ ഇതിന് തയ്യാറായില്ല. ചൊവ്വാഴ്ച രോഗം മൂര്‍ച്ഛിച്ച് ബോധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടോടെ ന്യൂമോണിയ മൂർച്ഛിച്ച് മരിച്ചു . തുടര്‍ന്നാണ് മൃതദേഹവുമായ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധത്തിനെത്തിയത്. പ്രതിഷേധം ഒന്നര മണിക്കൂറോളം നീണ്ടതോടെ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ അബ്ദുൽ സലാം സ്ഥലത്ത് എത്തി. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കും എന്ന ഉറപ്പ് അദ്ദേഹം പ്രതിഷേധക്കാര്‍ക്ക് നൽകി. രാത്രി ഒരു മണിയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam