
തൃശ്ശൂർ: കുതിരാനിലെ റോഡ് നന്നാക്കണം എന്നാവശ്യപ്പെട്ട് തൃശ്ശൂർ-പാലക്കാട് റൂട്ടിൽ സ്വകാര്യ ബസുകളുടെ സമരം രണ്ടാം ദിവസവും തുടരുന്നു. യാത്ര സമയത്തു പൂർത്തിയാക്കാൻ പറ്റുന്നില്ലെന്നും വാഹനങ്ങൾ നശിക്കുന്നു എന്നുമാണ് ബസ് ഉടമകളുടെ പരാതി. സമരം തുടർന്നതോടെ യാത്രക്കാർ വലഞ്ഞു.
പൊട്ടിപ്പൊളിഞ്ഞ് കുളത്തിന് സമാനമായ റോഡുകൾ...മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്...അപകടങ്ങൾ തുടർക്കഥ. പത്ത് വർഷമായി പണിതിട്ടും പണിതിട്ടും പണി തീരാത്ത കുതിരാൻ ദേശീയ പാത ദുരിതയാത്രയാണ് ജനങ്ങൾക്ക് സമ്മാനിക്കുന്നത്. സമാന്തരമായി നിർമ്മിക്കുന്ന കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണവും ഇഴഞ്ഞു നീങ്ങുന്നു. റോഡിന്റെ നിർമ്മാണം വേഗം പൂർത്തിയാക്കും എന്ന് പറയുന്നതല്ലാതെ നടപടി ഒന്നും ആയില്ല. പൊറുതി മുട്ടിയതോടെയാണ് റോഡ് നന്നാക്കണം എന്നാവശ്യവുമായി സ്വകാര്യ ബസുകൾ സമരം തുടങ്ങിയത്.
ദേശീയപാത 544 ലെ മണ്ണൂത്തി - വടക്കഞ്ചേരി ഭാഗത്തെ കുതിരാന്‍ തുരങ്കത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്തത് എന്‍.എച്ച്.എ.ഐ യുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് ആരോപിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ രംഗത്തെത്തിയിരുന്നു.
ദേശീയ പാതയിലെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ടി.എൻ. പ്രതാപനും രമ്യാ ഹരിദാസും ദില്ലിയിൽ ഏകദിന സത്യാഗ്രഹം നടത്താനിരിക്കയാണ്. ഇടത് വലത് മുന്നണികളുടെ പ്രതിഷേധം ഫലം കാണുമോ എന്ന് കാത്തിരുന്ന് കാണാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam