പിണറായിയും മോദിയും വ്യാജ ഏറ്റുമുട്ടലിന്‍റെ ആളുകള്‍; വാളയാര്‍ പീഡനത്തിന്‍റെ കേന്ദ്രബിന്ദു സിപിഎമ്മാണെന്നും മുല്ലപ്പള്ളി

By Web TeamFirst Published Nov 2, 2019, 6:48 PM IST
Highlights

"മുഖ്യമന്ത്രി പിണറായി വിജയന്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. അദ്ദേഹം ആഭ്യന്തര വകുപ്പൊഴിയണം. സർക്കാർ ഇപ്പോഴും വേട്ടക്കാർക്കൊപ്പമാണ്."
 

പാലക്കാട്: വാളയാര്‍ പീഡനത്തിന്‍റെ കേന്ദ്രബിന്ദു സിപിഎമ്മാണെന്ന് കെപിസിസ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. പ്രതികളെ സിപിഎം പ്രവർത്തകരാണ്. പ്രതികൾക്ക് വേണ്ടി ഹാജരായതും സിപിഎമ്മുകാരാണ്. മുഖ്യമന്ത്രി മറുപടി പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

വാളയാറിലേത് ക്രൂരവും പൈശാചികവുമായ സംഭവമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റിയതെന്തിനാണ്. പ്രധാന സാക്ഷി അബ്ബാസിനെ വിസ്തരിക്കാത്തതിലും ദുരൂഹതയുണ്ട്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ  ജോലിയിൽ നിന്ന് പുറത്താക്കി പ്രോസിക്യൂട്ട് ചെയ്യണം. പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി നിലപാട് തുറന്നു പറയണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. അദ്ദേഹം ആഭ്യന്തര വകുപ്പൊഴിയണം. സർക്കാർ ഇപ്പോഴും വേട്ടക്കാർക്കൊപ്പമാണ്.

അട്ടപ്പാടി മാവോയിസ്റ്റ് വേട്ട  വ്യാജ ഏറ്റുമുട്ടലാണ്. അത് മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയും നടന്നതാണ്. സർക്കാർ അതില്‍ മറുപടി പറയണം. മുഖ്യമന്ത്രിയും മോദിയും വ്യത്യസ്തരല്ല. വ്യാജ ഏറ്റുമുട്ടലിന്റെ ആളുകളാണ്  ഇരുവരും. വ്യാജ ഏറ്റമുട്ടലുകൾ യഥാർത്ഥ കമ്യൂണിസ്റ്റ് അംഗീകരിക്കില്ല. സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണം. സിറ്റിംഗ് ജഡ്‍ജിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം. കോഴിക്കോട്ടെ യുഎ പിഎ അറസ്റ്റും അന്വഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. "മാനിഷാദ' ജനകീയ മുന്നേറ്റമാണ്. ഇതിന്‍റെ ഭാഗമായി താന്‍ ഈ മാസം നാലിന് പാലക്കാട് ഉപവസിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. 
 

click me!