പുതുവൈപ്പിൽ സമരം ശക്തമാക്കാൻ സമിതി, നിരോധനാജ്ഞ ലംഘിച്ച് മാർച്ച് നടത്തും

By Web TeamFirst Published Dec 16, 2019, 8:38 PM IST
Highlights

മറ്റന്നാൾ മുതൽ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം തുടങ്ങുവാനാണ് തീരുമാനം.

പുതുവൈപ്പ്: പുതുവൈപ്പ് എൽപിജി ടെർമിനലിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി. മറ്റന്നാൾ മുതൽ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം തുടങ്ങുവാനാണ് തീരുമാനം. ശനിയാഴ്ച നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് മാർച്ച് നടത്തുമെന്നും സമരസമിതി അറിയിച്ചു. 

നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് അർദ്ധരാത്രി മുതൽ സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. പുതുവൈപ്പിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ടെർമിനലിനെതിരെ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

2010-ല്‍ തുടങ്ങിയ നിര്‍മ്മാണം രണ്ടരവര്‍ഷമായി മുടങ്ങിക്കിടക്കുയാണ്. ആറ് മാസത്തിനകം പദ്ധതിയുടെ പാരിസ്ഥിതിക അനുമതിയുടെ കാലാവധി തീരും. ഇതോടെയാണ് നിര്‍മ്മാണം വീണ്ടും തുടങ്ങാൻ ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷൻ തീരുമാനിച്ചത്. ജനവാസ മേഖലയിലെ ടെർമിനലിന് അപകട സാധ്യത ഏറെയാണെന്ന ആക്ഷേപമാണ് നാട്ടുകാർക്കുള്ളത്.

ഇന്നലെ രാത്രി അതീവ നാടകീയമാണ് പുതുവൈപ്പിലെത്തിയ പൊലീസ് സമരപ്പന്തൽ പൊളിച്ച് കളഞ്ഞ് ചുറ്റും ബാരിക്കേഡ് കെട്ടിയത്. പുലർച്ചെ രണ്ട് മണിയോടെ കളക്ടര്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

click me!