Asianet News MalayalamAsianet News Malayalam

'ചരിത്ര കോൺഗ്രസിന് അസഹിഷ്ണുത', വീഡിയോ ഹാജരാക്കണമെന്ന് ഗവർണർ, വിസിയെ വിളിപ്പിച്ചു

പരിപാടിയിൽ പങ്കെടുത്ത ചരിത്രകാരൻ ഇർഫാൻ ഹബീബ് അടക്കമുള്ളവർ ഭരണഘടന ആക്രമിക്കപ്പെടുന്നു എന്ന തരത്തിൽ പ്രസംഗിച്ചതിനെത്തുടർന്നാണ് എഴുതിത്തയ്യാറാക്കിയ പ്രസംഗം ഉപേക്ഷിച്ച് സംസാരിച്ചതെന്ന് ഗവർണർ. 

governor against indian history congress asked kannur university vice chancellor to produce video
Author
Kannur, First Published Dec 28, 2019, 2:44 PM IST

കണ്ണൂർ: ദേശീയ ചരിത്ര കോൺഗ്രസിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചരിത്ര കോൺഗ്രസിനെത്തിയ പ്രതിനിധികൾക്ക് അസഹിഷ്ണുതയാണ്. അതിനാലാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതെന്നും വിവാദങ്ങളുണ്ടാക്കുക തന്‍റെ ലക്ഷ്യമായിരുന്നില്ലെന്നും ഗവർണർ വ്യക്തമാക്കി. എന്നാൽ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഗവർണർ വിമർശനം നടത്തുന്നത്. തന്നെ പ്രതിഷേധിച്ച് നിശ്ശബ്ദനാക്കാനാകില്ല. തന്നെ ആക്രമിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്നും ഗവർണർ ചോദിച്ചു. 

അതേസമയം, ചരിത്ര കോൺഗ്രസിൽ നടന്ന പ്രതിഷേധങ്ങൾ വിശദമായി അന്വേഷിക്കാനാണ് ഗവർണർ ഒരുങ്ങുന്നതെന്ന സൂചനകളാണ് വരുന്നത്. ചരിത്ര കോൺഗ്രസ് നടക്കുന്ന കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലറെ ഗവർണർ വിളിപ്പിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കാൻ പരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ മുഴുവൻ കൈമാറാൻ ഗവർണർ നിർദേശിച്ചു. ഗവർണർക്കെതിരെ പ്രതിഷേധിച്ചതിന് ജെഎൻയു, അലിഗഢ്, ജാമിയ മിലിയ ഇസ്ലാമിയ എന്നീ സർവകലാശാലകളിൽ നിന്നെത്തിയ നാല് വിദ്യാർത്ഥി പ്രതിനിധികളെ കസ്റ്റഡിയിലെടുത്തിരുന്നു.

എഴുതിത്തയ്യാറാക്കിയ പ്രസംഗമല്ല താൻ നടത്തിയത്. പരിപാടിയിൽ പങ്കെടുത്ത ചരിത്രകാരൻ ഇർഫാൻ ഹബീബ് അടക്കമുള്ളവർ ഭരണഘടന ആക്രമിക്കപ്പെടുന്നു എന്നാണ് പ്രസംഗിച്ചത്. ഇത് തനിക്ക് അംഗീകരിക്കാനാവുന്നതല്ല. അതിനാലാണ് എഴുതിത്തയ്യാറാക്കിയ പ്രസംഗം ഉപേക്ഷിച്ച് സ്വന്തം വാക്കുകളിൽ സംസാരിക്കാൻ തീരുമാനിച്ചതെന്നും ഗവർണർ വ്യക്തമാക്കി.

കണ്ണൂർ സർവകലാശാലയിൽ നടക്കുന്ന ദേശീയ ചരിത്ര കോൺഗ്രസിനിടെ, പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളെ എതിർത്ത് സംസാരിച്ച ഗവർണർക്കെതിരെ വലിയ പ്രതിഷേധമാണുണ്ടായത്. കശ്മീരിന്‍റെ പ്രത്യേകാധികാരം എടുത്തു കളഞ്ഞതോ പൗരത്വ നിയമഭേദഗതിയോ ഭരണഘടനയെ ബാധിക്കുന്ന തീരുമാനങ്ങളല്ല എന്നാണ് ഗവർണർ പ്രസംഗിച്ചത്. ഇത് കേട്ടപ്പോൾ പ്രതിനിധികൾ തന്നെ പ്രതിഷേധവുമായി എഴുന്നേറ്റു. മുതിർന്ന ചരിത്രകാരൻമാരും വിദ്യാർത്ഥികളും തന്നെയാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചും കൂക്കിവിളിച്ചുമായിരുന്നു പ്രതിഷേധം.

'എന്നെ നിശ്ശബ്ദനാക്കാൻ നോക്കേണ്ടെ'ന്ന് ഇത് കണ്ട് രോഷാകുലനായ ഗവർണർ വിളിച്ച് പറഞ്ഞു. പ്രതിഷേധം നടത്തിയ രാഷ്ട്രീയ പാർട്ടികളടക്കം തെരുവിൽ അക്രമം അഴിച്ചുവിട്ടതല്ലാതെ തന്നോട് അടക്കം ഒരു ചർച്ചയ്‍ക്കോ പൊതുസംവാദത്തിനോ വന്നിട്ടില്ലെന്നും ഗവർണർ പറഞ്ഞു. എന്നാൽ ആ സംവാദം ഇപ്പോൾത്തന്നെ നടത്താൻ തയ്യാറാണെന്നും, ഒരു ചർച്ചയ്ക്ക് ഗവ‍ർണർ തയ്യാറുണ്ടോ എന്നും കാണികളായിരുന്ന ചരിത്രകാരൻമാരും പ്രതിനിധികളും ഉറക്കെ വിളിച്ച് ചോദിച്ചു. അപ്പോൾത്തന്നെ കയ്യിൽ കിട്ടിയ കടലാസിൽ 'പൗരത്വ നിയമഭേദഗതിയും എൻആർസിയും ഉപേക്ഷിക്കുക' എന്നെഴുതി അത് പൊക്കിപ്പിടിച്ച് മുദ്രാവാക്യം വിളിച്ചു. 

Read more at: പൗരത്വഭേദഗതിയെ അനുകൂലിച്ചു, ഗവര്‍ണര്‍ക്കെതിരെ ചരിത്രകോണ്‍ഗ്രസില്‍ പ്രതിനിധികളുടെ വന്‍ പ്രതിഷേധം

ഇതോടെ പൊലീസ് ഇടപെട്ടു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസിനെ, സിപിഎം നേതാക്കളും പരിപാടിയുടെ സംഘാടകരും തടഞ്ഞു. അവർ ചരിത്ര കോൺഗ്രസ് പ്രതിനിധികളാണെന്നും കസ്റ്റഡിയിലെടുക്കാൻ കഴിയില്ലെന്നും നേതാക്കൾ അടക്കമുള്ളവർ നിലപാടെടുത്തു. എങ്കിലും ഗവർണർ പ്രസംഗം അവസാനിച്ച് തിരിച്ച് പോയ ശേഷം, നാല് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ഗവർണർക്കെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വൻ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരുന്നത്. വിദ്യാർത്ഥി സംഘടനകൾക്കെല്ലാം പൊലീസ് നോട്ടീസ് നൽകിയിരുന്നു. പ്രതിഷേധം നടത്തിയാൽ നടപടിയുണ്ടാകുമെന്നായിരുന്നു നോട്ടീസ്. സ്ഥലത്തേക്ക് പ്രദേശത്ത് നിന്നുള്ള വിദ്യാർത്ഥി നേതാക്കളെ കടത്തിവിട്ടതുമില്ല. എന്നാൽ സർവകലാശാലയിലേക്ക് വരും വഴി തന്നെ ഗവർണറെ കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. പിന്നാലെയായിരുന്നു ചരിത്രകോൺഗ്രസ് വേദിയിൽനിന്ന് തന്നെ ഉയർന്ന പ്രതിഷേധം. പരിപാടിയിൽ പങ്കെടുത്ത ഡെലിഗേറ്റുകളിൽ നിന്നൊരു പ്രതിഷേധം പൊലീസ് മുൻകൂട്ടി കണ്ടിരുന്നില്ല എന്നതാണ് വാസ്തവം.

കേരളമെമ്പാടും പങ്കെടുക്കുന്ന പരിപാടികളിൽ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചാണ് ഗവർണർ കുറച്ചുകാലമായി പ്രതികരിച്ചു വരുന്നത്. പല പരിപാടികളിലും പ്രതിഷേധങ്ങളും കരിങ്കൊടിയുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ തലത്തിലുള്ള ഒരു പരിപാടിയായ ദേശീയ ചരിത്ര കോൺഗ്രസിൽ പല സർവകലാശാലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന വേദിയിൽ ഗവർണർക്ക് നേരെ പ്രതിഷേധം അരങ്ങേറുന്നത്. 

Follow Us:
Download App:
  • android
  • ios