ഇന്ന് അബ്ദുള്ളക്കുട്ടിക്കും നാളെ കെ സുധാകരനും സ്വാഗതം: ശ്രീധരൻപിള്ള

By Web TeamFirst Published Jun 3, 2019, 4:24 PM IST
Highlights

മോദിയെ അംഗീകരിക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്നും അബ്ദുള്ളക്കുട്ടിയുടെ കാര്യത്തിലും അത് അങ്ങനെത്തന്നെയാകുമെന്നും ശ്രീധരൻപിള്ള

കണ്ണൂർ: നരേന്ദ്രമോദിയെ അനുമോദിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. മറ്റ് പാർട്ടികളിലെ പല നേതാക്കളും ബിജെപിയിൽ വരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശ്രീധരൻപിള്ള ഇന്ന് അബ്ദുള്ളക്കുട്ടിക്കും നാളെ കെ സുധാകരനും സ്വാഗതമെന്നും കൂട്ടിച്ചേർത്തു. 

മോദിയെ അംഗീകരിക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്നും അബ്ദുള്ളക്കുട്ടിയുടെ കാര്യത്തിലും അത് അങ്ങനെത്തന്നെയാകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കോൺഗ്രസിന്‍റെ നരേന്ദ്രമോദി വിരുദ്ധ രാഷ്ട്രീയത്തിന് എതിരായി ചിന്തിക്കുന്നവർ ആ പാർട്ടിയിലുണ്ടെന്ന് ഇന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പറഞ്ഞിരുന്നു.

അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് വരുമോ ഇല്ലയോ എന്ന് ഒരു സൂചനയും ഇല്ല. ബിജെപി യുടെ നയങ്ങളോട് യോജിക്കുന്ന ആർക്കും ബിജെപി യിലേക്ക് വരാമെന്നും വരാൻ താല്പര്യപ്പെട്ടാൽ പാർട്ടി ആലോചിക്കുമെന്നുമായിരുന്നു വി മുരളീധരന്‍റെ പ്രതികരണം.

ഫേസ്ബുക്ക്‌ പോസ്റ്റിട്ടത്തിന് പാർട്ടി വിശദീകരണം ചോദിച്ചിട്ടും മറുപടി നൽകാത്ത സാഹചര്യത്തിലാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സിൽ നിന്നു പുറത്താക്കിക്കൊണ്ട് കോൺഗ്രസ് കടുത്ത നടപടി കൈക്കൊണ്ടത്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കുകയും പ്രവര്‍ത്തിച്ചതിനുമാണ് നടപടിയെന്നാണ് വിശദീകരണം.  

നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എപി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. മോദിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു.

click me!