
തിരുവനന്തപുരം: പിഎസ്‍സി ആംഡ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ റാങ്ക് പട്ടികയില്‍ ഉള്ളവര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ നിയമന ശുപാര്‍ശ. തട്ടിപ്പ് കേസിലെ പ്രതികളായ മൂന്നുപേരെ മാത്രം ഒഴിവാക്കി നിയമനവുമായി മുന്നോട്ട് പോകാനാണ് പിഎസ്‍സിയുടെ തീരുമാനം. പ്രതികൾ ഉൾപ്പെട്ടിരുന്ന് കാസർകോട് ആംഡ് പൊലീസ് കോൺസ്റ്റബിൾ ബറ്റാലിയിൻ റാങ്ക് പട്ടിക 4 മാസമായി മരവിപ്പിച്ചിരിക്കുകയായിരുന്നു. മൂന്ന് പ്രതികളൊഴികെ മറ്റാരും പരീക്ഷയിൽ ക്രമക്കേട് നടത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നല്‍കിയതിന് പിന്നാലെയാണ് നിയമനവുമായി പിഎസ്‍സി മുന്നോട്ട് പോകുന്നത്.
പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരജ്ഞിത്തും നസീമും പ്രണവും അല്ലാതെ മറ്റാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിയുടെ റിപ്പോർട്ട്. പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും റാങ്ക് പട്ടികയിലുള്ള മറ്റുള്ളവരുടെ നിയമനം തടയേണ്ടതില്ലെന്നും പിഎസ്‍സിക്ക് നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. അതേസമയം പിഎസ്‍സി പരീക്ഷാ ഹാളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഒരുങ്ങുകയാണ് സര്‍ക്കാര്‍.
പിഎസ്‍സി പരീക്ഷാ ഹാളിൽ മൊബൈൽ ഫോണും വാച്ചും നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇവ കൈവശം വയ്ക്കുന്ന ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കാൻ പിഎസ്‍സി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, സ്റ്റേഷനറി വസ്തുക്കൾ, വാച്ച്, പേഴ്സ്, ഭക്ഷ്യവസ്തുക്കൾ എന്നിവ കർശനമായി നിരോധിക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam