
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ പിഎസ് സി ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. ഈ മാസം 15 മുതൽ അംഗങ്ങളുടെ മൊഴിയെടുക്കാനാണ് തീരുമാനം. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയർമാൻ എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യും. മൂല്യനിർണ്ണയത്തിൻ്റെ ചുമതലയുള്ള രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് പൊലീസ് മേധാവി സർക്കാരിന് കത്ത് നൽകി.
പരീക്ഷാക്രമക്കേടിൽ അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങുന്നു. ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. 15 മുതൽ ഹാജരാകാൻ നോട്ടീസ് നൽകി തുടങ്ങി. അന്വേഷണ സംഘത്തിലെ എസ് പി സഖറിയയാണ് നോട്ടീസ് നൽകിയത്. നിയമന തട്ടിപ്പിൽ അന്വേഷണ സംഘം കമ്മീഷൻ അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്.
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ രണ്ട് പിഎസ്‍സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ്, അഡീഷണൽ സെക്രട്ടറി ആർ ഹരി എന്നിവർക്കാണ് വീഴച സംഭവിച്ചത്. സതീഷ് സർവ്വീസിൽ നിന്നും ഒന്നര വർഷം മുമ്പ് വിരമിച്ചു. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്ത് നൽകി. ആരെയെങ്കിലും സഹായിക്കാനായി ക്രിമിനൽ ഗൂഢാലോചനയിൽ ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണ്. ഉദ്യോഗസ്ഥർക്ക് ഉണ്ടായത് പിഴവാണോ ആസൂത്രണ ഗൂഢാലോചന നടന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുകയാണ്. പിഎസ്‍സി തട്ടിപ്പ് കേസിൽ ആദ്യമായാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടി. കേസിൽ ആരെയും ഇതുവരെ പ്രതി ചേർത്തിട്ടില്ല.
ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷയിലെ 9 ചോദ്യങ്ങള്‍ മൂല്യനിർണയം നടത്താതെ വിട്ടത് ബോധപൂർവ്വം ചിലരെ സഹായിക്കാനെന്നായിരുന്നു മറ്റ് ഉദ്യോഗാർത്ഥികളുടെ പരാതി. 9 ചോദ്യങ്ങള്‍ മൂല്യനിർണയം നടത്താതെ പോയത് സാങ്കേതിക പിഴവെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. എന്നാൽ പൂർണമായും പിഎസ്‍സി അംഗീകരിക്കുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam