നിലപാട് കടുപ്പിച്ച് സമരക്കാർ; ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികൾ നിരാഹാര സമരം തുടങ്ങി

By Web TeamFirst Published Feb 22, 2021, 7:20 PM IST
Highlights

ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികൾ നിരാഹാര സമരം തുടങ്ങി. സർക്കാർ തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം. 

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം കടുപ്പിച്ച് പി എസ് സി ഉദ്യോ​ഗാർത്ഥികൾ. ഇതിന്റെ ഭാ​ഗമായി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികൾ നിരാഹാര സമരം തുടങ്ങി. സർക്കാർ തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം. 

മനുസോമൻ ,ബിനീഷ്, ഒരു ഉദ്യോ​ഗാർത്ഥിയുടെ ബന്ധുവായ ഋജു എന്നിവരാണ് അനിശ്ചിതകാല നിരാഹാരം നടത്തുന്നത്. സർക്കാർ നൽകിയ ഉറപ്പുകൾ ഇന്ന്  ഉത്തരവായി ഇറങ്ങുമെന്നായിരുന്നു ഉദ്യോ​ഗാർത്ഥികളുടെ പ്രതീക്ഷ. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്നും, ചില കാര്യങ്ങളിൽ നടപടി അന്തിമഘട്ടത്തിലാണെന്നുമാണ് സർക്കാർ നൽകിയ ഉറപ്പ്. ഉദ്യോഗസ്ഥതല ചർച്ച തൃപ്തികരമായിരുന്നുവെന്നും, ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ ഉത്തരവുണ്ടാകുമെന്നും മന്ത്രി എ കെ ബാലൻ ഇന്നലെ പറഞ്ഞിരുന്നു. ഉത്തരവുണ്ടായില്ലെങ്കിൽ നിരാഹാര സമരമടക്കമുള്ള രീതികളിലേക്ക് പോകുമെന്ന് സമരക്കാർ നേരത്തെ അറിയിച്ചിരുന്നു.

ചർച്ചക്ക് ശേഷവും സിപിഒ, എൽജിഎസ്, അധ്യാപക റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ സമരം തുടരുകയായിരുന്നു. പിഎസ്‍സി ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 28 ദിവസം പിന്നിട്ടു. 14 ആം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പ്രതിഷേധം. 

click me!