വഴങ്ങാതെ സര്‍ക്കാര്‍, പിന്നോട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍; സമരം ശക്തമായി തുടരുന്നു

Published : Feb 18, 2021, 07:16 AM IST
വഴങ്ങാതെ സര്‍ക്കാര്‍, പിന്നോട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍; സമരം ശക്തമായി തുടരുന്നു

Synopsis

ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ്  ഉദ്യോഗാര്‍ത്ഥികളുടെ സമരം 24 ദിവസം പിന്നിട്ടു. പതിനൊന്നാം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പ്രതിഷേധം. ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരം തുടരാനാണ് തീരുമാനം. സിപിഒ റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികളുടെ സമരത്തെ പൂർണ്ണമായും തള്ളി മുഖ്യമന്ത്രി.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമായി തുടരുന്നു. ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ്  ഉദ്യോഗാര്‍ത്ഥികളുടെ സമരം 24 ദിവസം പിന്നിട്ടു. പതിനൊന്നാം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പ്രതിഷേധം. ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരം തുടരാനാണ് തീരുമാനം.

ഇന്നലെ ഡിവൈഎഫ്ഐ നേതാക്കൾ ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഒരു വിഭാഗം സമരം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് എസ് സതീഷ് പറഞ്ഞു. എന്നാല്‍, ഇതേക്കുറിച്ച് ഉദ്യോഗാർത്ഥികൾ പ്രതികരിച്ചിട്ടില്ല.

താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചെങ്കിലും തങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനമാകാതെ സമരം തുടരാന്‍ തന്നെയാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. അതേസമയം, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിയതും താത്കാലികമാണെന്നാണ് സൂചനകളാണ് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയത്.

ഭരണത്തുടർച്ച ഉണ്ടായാൽ സ്ഥിരപ്പെടുത്തൽ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഒ റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികളുടെ സമരത്തെ മുഖ്യമന്ത്രി പൂർണ്ണമായും തള്ളുകയും ചെയ്തു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം 3051 പുതിയ തസ്തികൾ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്.

യുവജനരോഷം ഉയരുന്നതിനിടെയാണ് സ്ഥിരപ്പെടുത്തൽ മഹാമഹത്തിന് സർക്കാർ താത്കാലിക തിരശ്ശീല ഇട്ടത്. കഴിഞ്ഞ മൂന്ന് മന്ത്രിസഭാ യോഗങ്ങളിൽ മാത്രമായി 789 പേരെയാണ് സ്ഥിരം ജോലിക്കാരാക്കിയത്. സ്ഥിരപ്പെടുത്തൽ നി‍ർത്തുന്നതോടൊപ്പം യുവജനപ്രതിഷേധം തണുപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് പുതിയ തസ്തികകള്‍ ഉണ്ടാക്കാൻ തീരുമാനിച്ചത്.

ആരോഗ്യവകുപ്പിൽ 2027, ഹയർസെക്കണ്ടറിയിൽ 151, മണ്ണ് സംരക്ഷണവകുപ്പിൽ 111 എന്നിങ്ങനെ വിവിധ വകുപ്പുകളിൽ പുതുതായി സൃഷ്ടിച്ച തസ്തികകൾ. തസ്തികകൾ സൃഷ്ടിച്ചത് ഉയർത്തിയും സമരത്തിന് പിന്നിലെ പ്രതിപക്ഷ രാഷ്ട്രീയം പറഞ്ഞും നിയമന പ്രതിഷേധത്തെ നേരിടാന്‍ തന്നെയാണ് സർക്കാർ തീരുമാനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടയും ഭാര്യയുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി; നിലയ്ക്കൽ അന്നദാനത്തിലെ ലക്ഷങ്ങളുടെ ക്രമക്കേടിൽ നടപടി
കോഴിക്കോട് എൻജിഒ ക്വട്ടേഴ്സിന് സമീപം ബൈക്ക് അപകടത്തിൽ രണ്ടു മരണം, അച്ഛനും മകൾക്കും ദാരുണാന്ത്യം