
തിരുവനന്തപുരം: തിരുവനന്തപുരം പെരുങ്കടവിളയിൽ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിൽ മനം നൊന്തുള്ള സനിലിന്റെ ആത്മഹത്യയിൽ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ആരോപണവുമായി കുടുംബം. പ്രസിഡന്‍റിന്‍റെ സമ്മർദമാണ് കെഎസ്ഇബി വൈദ്യുതി വിച്ഛേദിക്കാന്‍ കാരണമെന്ന് മരിക്കുന്നതിന് മുമ്പെടുത്ത ദൃശ്യത്തിൽ സനിൽ ആരോപിച്ചിരുന്നു.
ആരോപണങ്ങൾ നിഷേധിച്ച് പ്രസിഡന്‍റ് എസ് സുരേന്ദ്രനും കെഎസ്‌ഇബിയും രംഗത്തെത്തി. കഴിഞ്ഞ ദിവസം പതിനൊന്ന് മണിയോടെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ സനിലിന്‍റെ വീട്ടിൽ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഉദ്യോഗസ്ഥർ എത്തിയ സമയം സനിൽ വീട്ടിലുണ്ടായിരുന്നില്ല.
തിരുവനന്തപുരത്ത് മറ്റൊരാവശ്യവുമായി പോയിരിക്കുകയായിരുന്നു. സമയം നീട്ടി ചോദിച്ച് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചെങ്കിലും നൽകിയില്ലെന്നും പഞ്ചായത്ത് പ്രസിഡന്‍റ് എസ് സുരേന്ദ്രന്റെ സമ്മർദമാണ് കാരണം എന്നുമായിരുന്നു സനിലിന്റെ ആരോപണം. പൊതുപ്രവർത്തകനായ സനിൽ കോൺഗ്രസ് വിമതനായി മത്സരിച്ച വാർഡിലെ സിപിഎം സ്ഥാനാർത്ഥിയായിരുന്നു സുരേന്ദ്രൻ.
അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം നിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് എസ് സുരേന്ദൻ രംഗത്തെത്തി. സനിലുമായി വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല. കെഎസ്ഇബിയിൽ സമ്മർദം ചെലുത്തിയിട്ടില്ലെന്നും ഏതെങ്കിലും നിക്ഷിപ്ത താത്പര്യക്കാർ സനിലിനേയും കുടുംബത്തേയും തെറ്റിദ്ധരിപ്പിച്ചതാകാം എന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ മറുപടി.
ജൂലൈ മുതലുള്ള കുടിശ്ശിക ഉണ്ടായിരുന്നതായും വൈദ്യുതി വിച്ഛേദിക്കുമെന്ന് അറിയിച്ച് നോട്ടീസ് നൽകി ഒരു മാസം കഴിഞ്ഞാണ് നടപടി എടുത്തതെന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം. സനിലിന്റേത് കൂടാതെ ആറ് വീടുകളിൽ കൂടി ഇന്നലെ വൈദ്യുതി വിച്ഛേദിച്ചതായും മാരായമുട്ടം കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ വ്യക്തമാക്കി. സംഭവം നടന്നതിന് പിന്നാലെ കെഎസ്ഇബി വീട്ടിലെ വൈദ്യുതി പുനസ്ഥാപിച്ചു.
ആരോപണവിധേയർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി നാട്ടുകാർ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ രാത്രിയാണ് സനിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സനിൽ ഇന്നലെ രാവിലെയാണ് മരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam