
തിരുവനന്തപുരം: ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പിൽ പിഎസ്‍സി ചെയർമാന് ബുധനാഴ്ച ഹാജരാകാൻ നോട്ടീസ് നൽകി എസ്ഐടി. അതേസമയം, ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെ മൂന്ന് പിഎസ്‍സി അംഗങ്ങള്‍ ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായി മൊഴി നൽകി. പരീക്ഷ ക്രമക്കേടിൽ മൂന്ന് കേസുകള്‍ കൂടി പുതിയതായി രജിസ്റ്റർ ചെയ്യും.
ഇല്ലാത്ത ഭരണഘടന സംരക്ഷണം ചൂണ്ടികാട്ടി ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച പിഎസ്‍സിക്ക് കിട്ടിയത് വലിയ പ്രഹരമാണ്. വിമർശനമുണ്ടായെങ്കിലും ക്രൈംബ്രാഞ്ചിന് തുടർന്നുള്ള അന്വേഷണത്തിനുള്ള നിയമപരമായ വാതിൽ തുറക്കുന്നതായിരുന്നു കോടതി നിരീക്ഷണങ്ങള്‍. പിന്നാലെയാണ് ചെയർമാന് തന്നെ നോട്ടീസ് നൽകിയത്. ബുധനാഴ്ച ചെയർമാൻ എം ആർ ബൈജുവിനോട് ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകി. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കില്ലെന്ന പിടിവാശി പിടിച്ച പിഎസ്‍സി ഹൈക്കോടതി വടി എടുത്തതോടെ അയഞ്ഞ് പിഎസ്‍സി അംഗങ്ങളായ സെയ്ഫ്, ഡോ. ശ്രീകുമാർ, ഡോ. സ്റ്റാനി തോമസ് എന്നീ അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായി. ഐജി അജീതാ ബീഗത്തിന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. നാളെ രണ്ട് അംഗങ്ങള്‍ കൂടി ഹാജരാകും.
പരീക്ഷ അട്ടിമറിയിൽ ചെയർമാനെ സംശയ നിഴലാക്കുന്ന ആരോപണങ്ങളോടെ ഒരു കത്ത് ചില അംഗങ്ങള്‍ ചേർന്ന് നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. ആ കത്തിപ്പോള്‍ എസ്ഐടിക്ക് മുന്നിലുണ്ട്. ചെയർമാനെതിരെ അംഗങ്ങള്‍ നൽകുന്ന മൊഴി നിർണായകമാണ്. ചെയർമാൻ ഉദ്യോഗസ്ഥരെ നിർബന്ധിച്ച വഴിവിട്ട സഹായം ചെയ്തിട്ടുണ്ടെന്ന് കമ്മീഷണൻ അംഗങ്ങള്‍ തന്നെ വെളിപ്പെടുത്തിയാൽ പൊലിസിന് അത് പിടിവള്ളിയാകും. ആസൂത്രണ ബോർഡ് ക്രമക്കേടിൽ ഉത്തരങ്ങള്‍ മൂല്യനിർണയം നടത്താതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യത്തിന് ഉൾപ്പെടെ ചെയർമാൻ എന്ത് മറുപടി നൽകുമെന്നതാണ് ഇനി അറിയേണ്ടത്.
അതേസമയം, ലോക്ഭവൻ വിളിച്ചപ്പോള്‍ ഹാജരായ പിഎസ്എസ് സെക്രട്ടറിയെ ചെയർമാനും ചില അംഗങ്ങളും ഇന്നത്തെ യോഗത്തിൽ വിമർശിച്ചു. ഗവർണ്ണർ വിളിച്ചാൽ പോകാതിരിക്കാനാകുമോ എന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. നിയമന തട്ടിപ്പിൽ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യും. മോട്ടോർ വാഹന വകുപ്പിലേക്കുള്ള എഎംവി, ഫിഷറീസ് എക്സ്റ്റൻ ഓഫീസർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ എന്നീ പരീക്ഷകളിൽ ക്രമക്കേട് നടന്നുവെന്ന പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു കേസെടുക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam