
തിരുവനന്തപുരം: ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ വന്ന പരാമർശം വർഗീയമെന്ന പരാതിക്ക് പിന്നാലെ ഖേദപ്രകടനവുമായി പിഎസ്സി. ഏപ്രില്‍ 15ന് പുറത്തിറങ്ങിയ സമകാലികം പംക്തിയിലെ പരാമര്‍ശമാണ് വിവാദമായത്. പിഴവിന് കാരണമായ ഉദ്യോഗസ്ഥരെ ചുമതലയില്‍ നിന്ന് നീക്കിയതായും പിഎസ്സി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പിഎസ്സി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ലോക്ക്ഡൗൺ കാലയളവിൽ ഓഫീസ് പ്രവർത്തനത്തിന് പരിമിതികൾ ഏറെയുണ്ടായി എങ്കിലും ബുള്ളറ്റിനിൽ കടന്നുകൂടിയ ഗുരുതരമായ പിഴവിന് യാതൊരു നീതീകരണവുമില്ലെന്ന് പി എസ് സി വ്യക്തമാക്കി. നിസാമുദ്ദീൻ സമ്മേളനം കൊവിഡ് പരത്തിയെന്ന ധ്വനിയുള്ളതായിരുന്നു ചോദ്യം.
പി എസ് സിയുടെ വാര്‍ത്താക്കുറിപ്പിന്‍റെ പൂര്‍ണരൂപം
അറിയിപ്പ്..!!
PSC ബുള്ളറ്റിനിന്റെ 2020 ഏപ്രിൽ 15 ലക്കത്തിലെ സമകാലികം പംക്തിയിൽ കോവിഡ് 19മായി ബന്ധപ്പെട്ട് അനുചിതവും വസ്തുതാവിരുദ്ധവുമായ വിവരം ഉൾപ്പെട്ടതിൽ PSC നിർവ്യാജം ഖേദിക്കുന്നു. വിവിധ മാധ്യമ വിശകലനങ്ങളെ അടിസ്ഥാനമാക്കിയാണ് സാധാരണ നിലയിൽ "സമകാലികം" പംക്തി തയാറാക്കുന്നത്. ലോക്ക്ഡൗൺ കാലയളവിൽ ഓഫീസ് പ്രവർത്തനത്തിന് പരിമിതികൾ ഏറെയുണ്ടായി എങ്കിലും ബുള്ളറ്റിനിൽ കടന്നുകൂടിയ ഗുരുതരമായ പിഴവിന് യാതൊരു നീതീകരണവുമില്ല. ഈ സാഹചര്യത്തിൽ വിവാദപരമായതും വസ്തുതാവിരുദ്ധവുമായ പരാമർശം PSC ബുള്ളറ്റിനിലെ സമകാലികം പംക്തിയിലെ 19ആം ഇനമായി ഉൾപ്പെടുന്നതിനു കാരണക്കാരായ PSC പബ്ലിക് റിലേഷൻസ് വിഭാഗത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ PSC ബുള്ളറ്റിനിന്റെ പ്രസിദ്ധീകരണ ചുമതലയിൽ നിന്നും ഒഴിവാക്കുന്നതിനും അവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിനും കമീഷൻ തീരുമാനിച്ചിട്ടുണ്ട്. വസ്തുതാവിരുദ്ധമായ വിവരം PSC ബുള്ളറ്റിൻ 2020 ഏപ്രിൽ 15 ന്റെ ലക്കത്തിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
സെക്രട്ടറി
കേരള പബ്ലിക് സർവീസ് കമ്മീഷൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam