കെഎസ്ആർടിസി റിസർവ് ഡ്രൈവറാകാൻ നിയമ പോരാട്ടം നടത്തി പെരുവഴിയിലായവരുടെ ജീവിതം

By Web TeamFirst Published Aug 7, 2020, 10:23 AM IST
Highlights

റാങ്ക് ലിസ്റ്റിൽ നിന്ന് ഡ്രൈവർ നിയമനം നടത്തണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചിട്ടും താൽകാലികജീവനക്കാരെ നിയമിച്ചാണ് കെഎസ്ആർടിസിയുടെ ഓട്ടം. കോടതിയലക്ഷ്യ ഹർജി ഉൾപ്പെടെ നൽകി പിന്നാലെ ഓടേണ്ട ഗതികേടിലാണ് ഉദ്യോഗാർത്ഥികൾ.

ആലപ്പുഴ: സുപ്രീംകോടതി പറഞ്ഞിട്ട് പോലും റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരെ ഒഴിവാക്കി, താൽകാലികജീവനക്കാർ മാത്രം മതിയെന്ന് തീരുമാനിച്ചവരാണ് കെഎസ്ആർടിസി അധികൃതർ. റിസർവ് ഡ്രൈവർ തസ്തികയിലേക്ക് നിയമനം കാത്തിരുന്ന പലരും ഇപ്പോൾ കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. ജോലി കിട്ടാൻ കെഎസ്ആർടിസിക്ക് എതിരെ കേസ് നടത്തി ഉള്ള സമ്പാദ്യമെല്ലാം നഷ്ടമായവരുമുണ്ട്.

ആലപ്പുഴക്കാരൻ തോമസ് ജേക്കബിന് ഇത് ജീവിക്കാനും കുടുംബം പോറ്റാനുമുള്ള ആകെയുള്ള വഴിയാണ്. സർക്കാർ ജോലിക്കായി എട്ടുവർഷത്തോളം കാത്തിരുന്നു. എന്നിട്ടാണ് കെഎസ്ആർടിസി റിസർവ് ഡ്രൈവർ തസ്തികയിൽ നിയമനം നേടിയത്. 

കെഎസ്ആർടിസി റിസർവ് ഡ്രൈവർ തസ്തികയിൽ താൽകാലികജീവനക്കാരെ ഒഴിവാക്കി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ നിയമിക്കാൻ 2014-ൽ ഹൈക്കോടതി ഉത്തരവിട്ടതാണ്. പക്ഷേ, ഉദ്യോഗാർത്ഥികൾക്കെതിരെ സർക്കാർ സുപ്രീംകോടതി വരെ അപ്പീൽ പോയി. 2455 ഒഴിവുകളാണ് റാങ്ക് ലിസ്റ്റ് നിലനിൽക്കെ 2015-ൽ സർക്കാർ പിഎസ്‍സിയിൽ റിപ്പോർട്ട് ചെയ്തത്. എന്നിട്ടും സ്ഥിരനിയമനമുണ്ടായില്ല.

തനിക്കും ഒപ്പമുള്ള ഉദ്യോഗാർത്ഥികൾക്കും വേണ്ടി നിയമപോരാട്ടത്തതിന് ഇറങ്ങിയ ആളാണ് ആലപ്പുഴക്കാരൻ സന്തോഷ്. കേസ് നടത്തി ഉണ്ടായിരുന്ന ഫർണിച്ചർ കട പൂട്ടി. ഇടയ്ക്ക് ദേശീയപാതയോരത്ത് സവാള കച്ചവടം നടത്തി. ഇന്ന് കൊവിഡ് പ്രതിസന്ധിയിൽ ജീവിതം പൂർണ്ണമായി വഴിമുട്ടിയ അവസ്ഥയിലാണ്.

റാങ്ക് ലിസ്റ്റിൽ നിന്ന് ഡ്രൈവർ നിയമനം നടത്തണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചിട്ടും താൽകാലികജീവനക്കാരെ നിയമിച്ചാണ് കെഎസ്ആർടിസിയുടെ ഓട്ടം. കോടതിയലക്ഷ്യ ഹർജി ഉൾപ്പെടെ നൽകി പിന്നാലെ ഓടേണ്ട ഗതികേടിലാണ് ഉദ്യോഗാർത്ഥികൾ.

click me!