
തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ പരീക്ഷകള്‍ക്കായി കോച്ചിംഗ് നല്‍കുന്ന സ്ഥാപനങ്ങള്‍ പിഎസ്‍സിയുടെ പേര് ബോര്‍ഡുകളിലും പരസ്യങ്ങളിലും ചേര്‍ക്കുന്നത് തടയാന്‍ പിഎസ്‍സി കമ്മീഷന്‍ യോഗം തീരുമാനിച്ചു. കോച്ചിംഗ് കേന്ദ്രങ്ങള്‍ ഇനി പിഎസ്‍സിയുടെ പേര് ദുരുപയോഗം ചെയ്താല്‍ പൊലീസില്‍ പരാതിപ്പെടാനും പിഎസ്‍സി കമ്മീഷന്‍ യോഗത്തില്‍ തീരുമാനമായി.
തലസ്ഥാനത്തെ പരീക്ഷപരിശീലനകേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ പിഎസ്‍സി തീരുമാനിച്ചത്. പിഎസ്‍സിയുടെ പേര് ദുരുപയോഗം ചെയ്താണ് ഇത്തരം സ്ഥാപനങ്ങള്‍ പരീക്ഷാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അതിനിടെ പിഎസ്‍സി പരീക്ഷകേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം പൊതുഭരണവകുപ്പിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. രഞ്ജന്‍ രാജ്, ഷിബു നായര്‍ എന്നീ ഉദ്യോഗസ്ഥരുടെ മൊഴിയാണ് വിജിലന്‍സ് സംഘം രേഖപ്പെടുത്തിയത്. തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്യ, വീറ്റോ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയും ക്ലാസ് എടുക്കുകയായിരുന്ന ഒരു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ കൈയ്യോടെ പിടികൂടുകയും ചെയ്തിരുന്നു.
ഷിബു കെ നായരുടെ ഭാര്യയുടെ പേരിലുള്ള ലക്ഷ്യ എന്ന പരിശീലനകേന്ദ്രവും രഞ്ജന്‍ രാജിൻറെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പേരിലുള്ള വീറ്റോ എന്ന സ്ഥാപനവും സെക്രട്ടറിയേറ്റിന് തൊട്ടടുത്താണ്. 2013 മുതൽ അവധിയിലുള്ള ഷിബു ലക്ഷ്യയിൽ ക്ലാസ് എടുക്കുന്നുമുണ്ട്. രഞ്ജന്‍ രാജ് അവധിയെടുക്കാതെ ക്ലാസ് എടുക്കുന്നുവെന്നും വിജിലൻസ് കണ്ടെത്തി.
കൂടുതൽ ഉദ്യോഗസ്ഥർക്ക് ഈ സ്ഥാപനങ്ങളുമായി ബന്ധമുണ്ടോ എന്ന സംശയമുണ്ട്. ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങളും വിജിലൻസ് പരിശോധിക്കും. പിഎസ് സി ചോദ്യപേപ്പർ തയ്യാറാക്കുന്നവരുമായി സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കും.
ഷിബുവിന്‍റേയും രഞ്ജന്‍റെയും പേര് എടുത്ത് പറഞ്ഞ് ഒരുവിഭാഗം ഉദ്യോഗാർത്ഥികൾ പിഎസ്‍സിക്ക് നൽകിയ പരാതി പൊതുഭരണവകുപ്പിന് കൈമാറുകയായിരുന്നു. പൊതുഭരണവകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് വിജിലൻസ് അന്വേഷണം. കൂൂടുതൽ പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും.
സർവ്വീസ് ചട്ടമനുസരിച്ച് സര്‍ക്കാരിനറെ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യാനോ സ്ഥാപനം നടത്താനോ പാടില്ല. പിഎസ് സി പരീക്ഷക്ക് വരുമെന്ന് ഉറപ്പുള്ള ചോദ്യങ്ങൾ വരെ അറിയാം എന്ന് വരെ പ്രചരിപ്പിച്ചാണ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ സ്ഥാപനങ്ങള്‍ ഉദ്യോഗാർത്ഥികളെ ആകർഷിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam