
തിരുവനന്തപുരം: പിടി സെവനെ മെരുക്കാൻ മുത്തങ്ങയിൽ കൂടൊരുക്കിയ വകയിലടക്കം സംസ്ഥാന സർക്കാരിന് നഷ്ടമാകുന്നത് ലക്ഷങ്ങൾ. വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടിൽ നിന്ന് കുങ്കിയാനകളടക്കമുള്ള വിദഗ്ധ സംഘത്തെ പാലക്കാട് കൊണ്ടുപോയതിലും പ്രതിഷേധം ഉയരുന്നുണ്ട്.
മയക്കുവെടി വച്ച് പിടികൂടുന്ന പി.ടി സെവൻ കാട്ടാനയെ മുത്തങ്ങയിലെ ആനപന്തിയിലെത്തിച്ച് കുങ്കിയാനയാക്കി മാറ്റാനായിരുന്നു ആദ്യ തീരുമാനം. ഇതിന്‍റെ ഭാഗമായി നാല് ലക്ഷം രൂപയോളം ചെലവാക്കി കൂടടക്കം സംവിധാനങ്ങൾ ഒരുക്കി. എന്നാൽ ഈ തീരുമാനം പിന്നീട് പിൻവലിച്ചു. കാട്ടാനയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് പാലക്കാട് തന്നെ കൂടൊരുക്കാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ പുതിയ ഉത്തരവ്. വേണ്ട കൂടിയാലോചനകൾ ഇല്ലാതെ പിന്നെ എന്തിനാണ് മുത്തങ്ങയിൽ കൂടൊരുക്കിയത് എന്ന ചോദ്യത്തിന് വനം വകുപ്പിന് മറുപടിയില്ല. 18 അടി ഉയരമുള്ള കൂട് നിർമ്മിക്കാനായി ദിവസങ്ങൾ നീണ്ട വനപാലകരുടെ അധ്വാനവും വെറുതെയായി.
പാലക്കാട്ടെ ദൗത്യം പൂർത്തിയാക്കി വടക്കനാട് കൊമ്പനെയും കല്ലൂർ കൊമ്പനെയും മുത്തങ്ങയിൽ തിരികെയെത്തിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. ഇല്ലെങ്കിൽ വ്യാപക പ്രതിഷേധം ഉയരുമെന്ന് ഉറപ്പാണ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ കാര്യങ്ങൾ പഠിക്കാതെ സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുക്കുന്നതായി ഉദ്യോഗസ്ഥർക്കിടയിൽ പരാതി ഉയർന്നിട്ടുണ്ട്.