"ആകാശത്തൊരു കൊള്ളിയാൻ വെട്ടം"; ആ കണ്ടത് പിഎസ്എൽവി വിക്ഷേപണം

Published : Feb 14, 2022, 12:03 PM ISTUpdated : Feb 14, 2022, 01:32 PM IST
"ആകാശത്തൊരു കൊള്ളിയാൻ വെട്ടം"; ആ കണ്ടത് പിഎസ്എൽവി വിക്ഷേപണം

Synopsis

കണ്ടത് പിഎസ്എൽവിയാണോ എന്ന് ഉറപ്പില്ലാതെ പലരും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. എന്തായാലും ആ ആകാശക്കാഴ്ച പിഎസ്എൽവി സി 52 ആയിരുന്നു.  


തിരുവനന്തപുരം: രാവിലെ മൂത്ത മകളെ ട്യൂഷൻ ക്ലാസിൽ കൊണ്ടാക്കാൻ പോയതായിരുന്നു കോട്ടൺ ഹിൽ സ്കൂളിലെ പിടിഎ പ്രസിഡൻ്റ് കൂടിയായ അനൂജ്. സമയം ആറ് മണി കഴിഞ്ഞു. തിരുമല ജംഗ്ഷൻ എത്തിയപ്പോഴാണ് ആ കാഴ്ച കണ്ടത്. ആകാശത്ത് കൂടി നല്ല പ്രകാശമുള്ള ഒരു വസ്തു കുതിച്ചു പായുന്നു. വടക്ക് കിഴക്ക് നിന്ന് തെക്ക് പടിഞ്ഞാറ് ദിശയിലേക്കാണ് സഞ്ചാരം. നാട്ടുകാർ ഞെട്ടി. ഇതെന്താണ് ഈ ഫെബ്രുവരിയിലെ വെളുപ്പാൻ കാലത്ത് ഇങ്ങനെ ഒരു ആകാശക്കാഴ്ച? ആൾക്കാർ കൂട്ടം കൂടി, റോഡിൽ സ‌ഞ്ചരിക്കുകയായിരുന്നവർ വാഹനം നിർത്തി മാനം നോക്കി നിന്നു, അത് വഴി പോയ ഒരു ബൈക്ക് യാത്രക്കാരൻ ശ്രദ്ധ തെറ്റി കുഴിയൽ ചാടി! 

അനൂജ് കണ്ടത്

"

സംഭവം സിമ്പിളാണ് ഐഎസ്ആ‌ർഒ രാവിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച പിഎസ്എൽവി സി 52 റോക്കറ്റാണ് ആ കണ്ടത്. ഇസ്രൊയുടെ റോക്കറ്റ് വിക്ഷേപണങ്ങൾ പലപ്പോഴും നടക്കാറ് ഉച്ചയ്ക്ക് ശേഷമാണ്. സൂര്യന്റെ പ്രകാശം കാരണം റോക്കറ്റിന്റെ സഞ്ചാര പാത കേരളം അടക്കമുള്ള ഇടങ്ങളിൽ നിന്ന് കാണാൻ കഴിയാറില്ല. വിക്ഷേപണം നടന്നത് വെളുപ്പാൻ കാലത്തായതും, ആ സമയത്ത് നല്ല ഇരുട്ടായതിനാലുമാണ് റോക്കറ്റ് സ‌ഞ്ചാര പാത ഇത്ര വ്യക്തമായി കാണാൻ കഴിഞ്ഞതെന്നാണ് ഇസ്രൊയിലെ തന്നെ ശാസ്ത്രജ്ഞർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

ചെന്നൈ സ്വദേശി കവിൻ വിഎം ട്വിറ്ററിൽ പങ്കു വച്ച വീഡിയോ 

 

ശ്രീലങ്കയുടെ മുകളിൽ കൂടി പോകരുത്

ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച് കഴിഞ്ഞാൽ റോക്കറ്റിന്റെ സഞ്ചാര പാതയിൽ ചെറുതായി കിഴക്കോട്ട് മാറ്റും. ശ്രീലങ്കയുടെ മുകളിൽ കൂടി റോക്കറ്റ് സഞ്ചരിക്കാതിരിക്കാനാണ് ഇത്. പ്രതികൂല സാഹചര്യമുണ്ടായാൽ റോക്കറ്റ് ജനവാസ മേഖലയിൽ പതിക്കാതിരിക്കാനാണ് ഈ ദിശാ മാറ്റം. ശ്രീലങ്കയ്ക്ക് മുകളിൽ റോക്കറ്റ് വീഴുന്ന സാഹചര്യം ഒഴിവാക്കി കടലിന് മുകളിലൂടെ തന്നെ സഞ്ചാര പാത കൊണ്ടു വരാനാണ് ഇസ്രൊ ഇങ്ങനെ ചെയ്യുന്നതെന്ന് മുൻ വിഎസ്എസ്‍സി ഡയറക്ടറും, ഇപ്പോൾ സംസ്ഥാന സർക്കാരിന്‍റെ ശാസ്ത്ര ഉപദേഷ്ടാവുമായ എം സി ദത്തൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അവിടെയും കണ്ടു, ഇവിടെയും കണ്ടു.  

ഇവിടെ തിരുവനന്തപുരത്ത് മാത്രമല്ല തമിഴ്നാട്ടിലും കേരളത്തിലും പലയിടത്തും ആളുകൾ പിഎസ്എൽവിയുടെ ഈ യാത്ര കണ്ടു. കണ്ടത് പിഎസ്എൽവിയാണോ എന്ന് ഉറപ്പില്ലാതെ പലരും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. എന്തായാലും ആ ആകാശക്കാഴ്ച പിഎസ്എൽവി സി 52 ആയിരുന്നു.  

"

 

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്