പെരുവഴിയിൽ വലഞ്ഞ് യാത്രക്കാർ, ജനജീവിതത്തെ സാരമായി ബാധിച്ചു; സ്വകാര്യ ബസ് സമരം ശക്തം, പരിഹാരമില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരം

Published : Jul 08, 2025, 11:23 AM IST
private bus strike

Synopsis

വിദ്യാർത്ഥി കൺസെഷൻ വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമരസമിതിയാണ് പണിമുടക്ക് നടത്തുന്നത്. പരിഹാരമില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം

തിരുവനന്തപുരം: യാത്രക്കാരെ വലച്ച് സംസ്ഥാനത്ത് സ്വകാര്യബസ് സമരം ശക്തമായി തുടരുന്നു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവരെല്ലാം അക്ഷരാർത്ഥത്തിൽ പെരുവഴിയിലായ അവസ്ഥയിലാണ്. സ്വകാര്യ ബസ് സർവീസുകൾ കൂടുതലായുള്ള മേഖലകളിലെല്ലാം യാത്രക്കാർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കെ എസ് ആ‌ർ ടി സി ബസുകൾ അധിക സർവീസുകളടക്കം നടത്തുന്നുണ്ടെങ്കിലും ജനജീവിതത്തെ സ്വകാര്യബസ് സമരം സാരമായി ബാധിച്ചിട്ടുണ്ട്. വിദ്യാർത്ഥി കൺസെഷൻ വർധന അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നത്.

സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ, 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

ദേശീയ പണിമുടക്ക്

അതേസമയം തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് അർധരാത്രി മുതൽ ദേശീയ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ ഭാഗമാകും. പതിനേഴ് ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കുന്നത്. ഇതിൽ പ്രധാനം തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്ര സർക്കാർ ഉപേക്ഷിക്കുക എന്നതാണ്. ഈ ലേബർ കോഡ് നിലവിൽ വന്നാൽ ട്രേഡ് യൂണിയനുകളുടെ ഇടപെടൽ തൊഴിൽ മേഖലയിൽ കുറയും. സി ഐ ടി യു, ഐ എൻ ടി യു സി, എ ഐ ടി യു സി, എച്ച് എം എസ്, എ ഐ യു ടി യു സി, ടി യു സി സി, എസ് ഇ ഡബ്യു എ, എ ഐ സി സി ടി യു, എല്‍ പി എഫ്, യു ടി യു സി എന്നീ 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യ - വ്യവസായ മേഖലയിലെ തൊഴിലാളികളും, കേന്ദ്ര - സംസ്ഥാന സർക്കാർ ജീവനക്കാർ, ബാങ്ക് ഇൻഷുറൻസ് തപാൽ ടെലികോം തുടങ്ങിയ മേഖലയിലെ ജീവനക്കാരും പണിമുടക്കിൽ ഭാഗമാകും. പാൽ ആശുപത്രി അടക്കമുള്ള അവശ്യസർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കേന്ദ്ര നയങ്ങൾക്കെതിരായ ദേശീയ പണിമുടക്കിൽ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കാത്തതിൽ എതിർപ്പുമായി തൊഴിലാളി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇതുവരെ പറയാത്ത വാദങ്ങൾ, വളച്ചൊടിക്കുന്നു; മഞ്ജു വാര്യർക്കെതിരായ ദിലീപിന്റെ പരാമർശത്തിൽ ഉമ തോമസ്, 'എന്നും അതിജീവിതക്കൊപ്പം'
യുഡിഎഫ് അതിജീവിതയ്ക്കൊപ്പം അല്ലെന്ന് വ്യക്തമായി; അടൂര്‍ പ്രകാശിന്‍റെ പ്രസ്താവനക്കെതിരെ മന്ത്രി പി രാജീവ്