എൻഎസ്എസ്-എസ്എൻഡിപി ഐക്യം ഏറ്റവും ആഗ്രഹിച്ചത് ബിജെപിയാണെന്നും ഇത്തരമൊരു തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും ബിജെപി നേതാവ് വി മുരളീധരൻ പറഞ്ഞു. ഐക്യത്തിന്‍റെ ഗുണം സിപിഎമ്മിന് ലഭിക്കില്ലെന്നും വി മുരളീധരൻ

അബുദബി: എൻഎസ്എസ്-എസ്എൻഡിപി ഐക്യം ഏറ്റവും ആഗ്രഹിച്ചത് ബിജെപിയാണെന്നും ഇത്തരമൊരു തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും ബിജെപി നേതാവ് വി മുരളീധരൻ പറഞ്ഞു. എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തെ ബിജെപി സ്വാഗതം ചെയ്യുകയാണ്. അതിന്‍റെ ഗുണം സിപിഎമ്മിന് ലഭിക്കില്ല. സനാതന ധര്‍മം വൈറസ് എന്ന് പറയുന്നവരാണ് സിപിഎം. കേരളത്തിൽ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഭരണം നടത്തുന്നത് ലീഗാണ്. ലീഗിന്‍റെ അപ്രമാദിത്യമാണ് ഭരണത്തിലുണ്ടാകുക. വര്‍ഗീയ നിലപാടിനെതിരെയാണ് വെള്ളാപ്പള്ളി പരാമര്‍ശം നടത്തിയതെന്നും ജി സുകുമാരൻ നായരുടെ ശബരിമലയുമായി ബന്ധപ്പെട്ട പ്രസ്താവന ഏതു പശ്ചാത്തലത്തിലാണെന്ന് അറിയില്ലെന്നും വി മുരളീധരൻ പറഞ്ഞു.

ഐക്യത്തോടെ നീങ്ങാനാണ് എൻഎസ് എസും എസ്എൻഡിപിയും തമ്മിൽ ധാരണയായത്. യോജിപ്പിന് തുടക്കമിട്ട വെള്ളാപ്പള്ളി നടേശനും ക്ഷണം സ്വീകരിച്ച ജി സുകുമാരൻ നായരും പ്രതിപക്ഷനേതാവിനെ ഇന്ന് രൂക്ഷമായി കടന്നാക്രമിച്ചിരുന്നു. വിഡി സതീശൻ ഇന്നലെ പൂത്ത തകരയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ സതീശൻ സിനഡിൽ പോയി കാലുപിടിച്ചെന്നാണ് സുകുമാരൻ നായര്‍ കുറ്റപ്പെടുത്തിയത്. എന്നാൽ, വർഗ്ഗീയതക്കെതിരെ പോരാടി തോറ്റ് മരിച്ചാലും വീരാളിപ്പട്ട് പുതച്ചുകിടക്കുമെന്നായിരുന്നു സതീശന്‍റെ മറുപടി. വിമർശനം സമുദായിക നേതാക്കൾക്കെതിരെയല്ലെന്നും വർഗ്ഗീയതക്കെതിരെയാണെന്നുമാണ് വിഡി സതീശൻ വ്യക്തമാക്കുന്നത്. 

ഒരു വ്യാഴവട്ടത്തിനുശേഷമാണ് എൻഎസ്എസും എസ്എൻഡിപിയും ദൂരം കുറച്ച് അടുക്കുന്നത്. സതീശനും ലീഗിനുമെതിരായ പോരിൽ ബലം കൂട്ടാൻ ഇന്നലെ രാത്രിയാണ് വെള്ളാപ്പള്ളി ഐക്യാഹ്വാനം മുന്നോട്ട് വച്ചത്. അതിവേഗം കൈകൊടുത്തുള്ള സുകുമാരൻനായരുടെ നീക്കം ഒറ്റരാത്രിക്കൊണ്ട് ഉണ്ടായതല്ലെന്ന് വ്യക്തമാണ്. യോജിപ്പിനൊരുങ്ങുന്ന ഇരുസാമുദായിക നേതാക്കളുടെയും പ്രധാന ഉന്നം വിഡി സതീശനാണെന്ന് പ്രസ്താവനകളിൽ നിന്ന് വ്യക്തമാണ്.

സർക്കാറിന്‍റെ ആഗോള അയ്യപ്പസംഗമത്തിൽ ഒരു കുടക്കീഴിൽ അണിനിരന്ന പ്രബല സമുദായങ്ങൾ വീണ്ടും ഒന്നിക്കുന്നതിന് രാഷ്ട്രീയമാനങ്ങളേറെയുണ്ട്. കാന്തപുരത്തിന്‍റെ യാത്രാ സമാപനത്തിലെ സതീശന്‍റെ വിമർശനമാണ് വെള്ളാപ്പള്ളിയെ കൂടുതൽ ചൊടിപ്പിച്ചത്. വിഡി സതീശൻ വിരുദ്ധ സമീപനം നേരത്തെയുള്ള സുകുമാരൻനായർക്ക്സതീശന്‍റെ സിനഡ് ചർച്ചയാണ് പുതിയ പ്രകോപനത്തിന് കാരണമായത്. ക്ഷണം സ്വീകരിക്കുമ്പോഴും ലീഗാണ് നേരത്ത ഐക്യം പൊളിച്ചതെന്ന വെള്ളാപ്പള്ളിയുടെ നിലപാടിനൊപ്പമല്ല സുകുമാരൻ നായർ. ഇടത് ആഭിമുഖ്യം വെള്ളാപ്പള്ളി ആവർത്തിക്കുമ്പോൾ രാഷ്ട്രീയത്തിൽ സമദൂരം തുടരുമെന്നാണ് സുകുമാരൻ നായർ പരസ്യമാക്കുന്നത്. സുരേഷ്ഗോപിയെയും ബിജെപിയെയു ജി സുകുമാരൻ നായര്‍ വിമര്‍ശിച്ചു. 21ന് എസ്എൻഡിപിയോഗം ഐക്യം ചർച്ച ചെയ്യും. എൻസ്എസ് ഡയറക്ടർ ബോർഡും യോജിപ്പ് ചർച്ച ചെയ്താകും ഔദ്യോഗികമായ കൈകൊടുക്കലുണ്ടാകുക.

YouTube video player