
വാളയാർ കേസിൽ ഫേസ്ബുക്ക് പോസ്റ്റുമായി പബ്ലിക് പ്രോസിക്യൂട്ടർ. വിനോദ് കായനാട്ടാണ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നടപടികളെ നിശിതമായി വിമർശിക്കുന്നതാണ് പോസ്റ്റ്. ഒരു പബ്ലിക് പ്രോസിക്യൂട്ടർക്ക് എങ്ങനെ കേസ് നടത്തണം എന്നതിനെ പറ്റി ധാരണ വേണം എന്ന് പോസ്റ്റിൽ പറയുന്നു. അതിന് ആദ്യം നല്ല അഭിഭാഷകനാവണം. ഒട്ടനവധി പ്രധാന കേസുകളിൽ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്ത അനുഭവം തനിക്കുണ്ട്. പാലക്കാട് ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളായ കടുക്കാംകുന്ന് ഗോപാലകൃഷ്ണൻ,രവീന്ദ്രൻ,കൊല്ലങ്കോട് പുത്തൻപാടം വിജയൻ,കൊഴിഞ്ഞാമ്പാറ സുകുമാരൻ, മംഗലം സോമൻ എന്നിവരുടെ കേസുകളിൽ അത് തെളിയിച്ചിട്ടുണ്ട്.
അഗളി ചെമ്മണ്ണൂർ രവീന്ദ്രൻ നായർ കൊലപാതകം, മുടപ്പല്ലൂർ അമ്മിണിഅമ്മ കൊലപാതകം, ഒലവക്കോട് ടാക്സി ഡ്രൈവർ മുഹമ്മദ് ഹനീഫ കൊലപാതകം, ചെർപ്പുളശ്ശേരി സരസ്വതി കൊലപാതകം, ചിതലി പ്രീതി കൊലപാതകം, പാലക്കാട് പുത്തൂർ ലീന കൊലപാതകം, പാലാരിവട്ടത്തു നിന്നും കാർ തട്ടിക്കൊണ്ടുവന്ന് ഉടമയും ഡ്രൈവറുമായ സന്തോഷിനെ കൊലപ്പെടുത്തിയ കേസ്, പട്ടാമ്പി റംലത്തിന്‍റെ ഒമ്പത് മാസം പ്രായമുള്ള കുട്ടിയെ സ്വന്തം അച്ഛൻ കൊലപ്പെടുത്തിയ കേസ്, മുണ്ടൂർ കാട്ടുകുളം നിഷാമോൾ കൊലപാതകം എന്നിവയിൽ പ്രോസിക്യൂട്ടർ ആയി പ്രതികൾക്ക് മതിയായ ശിക്ഷ വാങ്ങിക്കൊടുത്തയാളാണ് താൻ.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിൽ പ്രതി കുറ്റം ചെയ്തെന്ന് സംശയാതീതമായി തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണ്. ഇത്തരം പ്രമാദമായ കേസ് നടത്തുന്ന പ്രോസിക്യൂട്ടര്‍മാര്‍ കേസ് നന്നായി പഠിക്കുകയും അന്വേഷിച്ച ഉദ്യോഗസ്ഥരുടെ സഹായം തേടുകയും അന്വേഷണത്തിനുള്ള പോരായ്മകൾ പരിഹരിക്കാന്‍ ആവശ്യമായ ഹര്‍ജികൾ നൽകുകയും കൂടുതൽ സാക്ഷികളെ വേണ്ടി വന്നാൽ വിസ്തരിക്കുകയും പഠിക്കുകയും വേണം. അല്ലാതെ പ്രോസിക്യൂട്ടര്‍ കോടതിയിൽ മൂകസാക്ഷി ആയാൽ സംശയത്തിന്‍റെ ആനുകൂല്യം പ്രതിക്ക് നൽകി പ്രതിയെ വിട്ടയക്കും.പിന്നെ പ്രതിഭാഗം വക്കീലിനെ പഴിച്ചിട്ട് എന്തു കാര്യം?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam