ശബരിമലയിൽ യുവതീപ്രവേശനം വേണ്ട; ദേവസ്വം ബോർഡിന് നിയമോപദേശം

By Web TeamFirst Published Nov 18, 2019, 1:03 PM IST
Highlights

സുപ്രീംകോടതി വിധിയിൽ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുവതീപ്രവേശനം വേണ്ടെന്നാണ്  നിയമോപദേശം. ഹൈക്കോടതിയിലെ അഭിഭാഷകൻ ആണ് നിയമോപദേശം നൽകിയത്.

കൊച്ചി: ശബരിമലയിൽ യുവതീപ്രവേശനം വേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിയമോപദേശം. സുപ്രീംകോടതി വിധിയിൽ അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോർഡിന്‍റെ ഹൈക്കോടതിയിലെ അഭിഭാഷകനാണ് എസ് രാജ് മോഹന്‍ നിയമോപദേശം നൽകിയത്. 

ശബരിമലയിൽ യുവതീപ്രവേശം തൽക്കാലത്തേക്ക് വേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സർക്കാരും. അന്തിമ തീരുമാനം വരുന്നവരെ മുമ്പാണ്ടായിരുന്ന സാഹചര്യം തുടരുന്നതാണ് ഉചിതമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് തൽക്കാലം സ്ത്രീപ്രവേശനം വേണ്ടെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. മുതിര്‍ന്ന അഭിഭാഷകൻ ജയദീപ് മേത്തയാണ് സർക്കാരിന് നിയമോപദേശം നൽകിയത്.

സുപ്രീംകോടതി വിധിയിൽ വ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പറഞ്ഞിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതിനെ പിന്തുണക്കുന്ന നിലപാടാണ് എൽഡിഎഫിന് ഇപ്പോഴുമുള്ളത്. മുൻ നിലപാടിൽ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചിരുന്നു. എന്നാൽ, ശബരിമല വിധിയിലെ അവ്യക്തതയാണ് യുവതീപ്രവേശം തൽക്കാലത്തേക്ക് വേണ്ടെന്ന് വയ്‌ക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

Read Also: ശബരിമല യുവതീ പ്രവേശനം: സ്ത്രീ-പുരുഷ സമത്വത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഎം

അതേസമയം, ശബരിമലയിൽ വരുമാനത്തിൽ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. ശബരിമലയിലെ ആദ്യ ദിന വരുമാനം മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം രൂപയെന്നാണ് പുറത്ത് വന്ന കണക്ക്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് നോക്കിയാൽ ഒരു കോടി ഇരുപത്തെട്ട് ലക്ഷത്തിന്‍റെ കൂടുതലാണ് ആദ്യ ദിനത്തിൽ തന്നെ ഈവര്‍ഷം ഉള്ളത്. 

Read Also: ശബരിമല ആദ്യ ദിന വരുമാനം മൂന്ന് കോടി : കഴിഞ്ഞ വര്‍ഷത്തേക്കാൾ ഒന്നേകാൽ കോടി കൂടി

 

click me!