ഹിജാബ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് ശിവൻകുട്ടി; 'കുട്ടിയെ സമ്മര്‍ദത്തിലാക്കിയത് സ്കൂളിന്‍റെ തെറ്റായ നിലപാട്, ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല'

Published : Oct 17, 2025, 07:11 PM IST
hijab row

Synopsis

വിദ്യാർത്ഥികളുടെ മൗലിക അവകാശങ്ങൾ ഹനിക്കാൻ ഒരു സ്കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം: കൊച്ചി പള്ളുരുത്തിയിലെ സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളുടെ മൗലിക അവകാശങ്ങൾ ഹനിക്കാൻ ഒരു സ്കൂളിനെയും അനുവദിക്കില്ലെന്നും സ്കൂളിന്‍റെ ഇത്തരം തെറ്റായ നടപടി സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഹനിക്കാൻ ഒരു സ്കൂളിനെയും അനുവദിക്കില്ല. കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്‍റെ പേരിൽ വിദ്യാർത്ഥിനിയെ ക്ലാസിൽ നിന്ന് മാറ്റി നിർത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാർഹവും കേരളത്തിന്‍റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണ്. ഒരു കുട്ടിയെ വിദ്യാലയത്തിൽ നിന്ന് അകറ്റി നിർത്തുക എന്നത് സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ നേട്ടങ്ങളോട് പുറംതിരിഞ്ഞ് നിൽക്കലാണ്. സർക്കാർ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

സ്വന്തം ചട്ടങ്ങള്‍ ഉണ്ടാക്കാൻ സ്കൂള്‍ മാനേജ്മെന്‍റിന് അധികാരമില്ല

 

വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന്‍റെ പേരിലോ വ്യക്തിപരമായ ഇഷ്ടങ്ങളുടെ പേരിലോ ഒരു കുട്ടിക്കും ആ അവകാശം നിഷേധിക്കപ്പെടാൻ പാടില്ല. ക്ലാസിൽ നിന്ന് പുറത്താക്കപ്പെട്ട ആ കുഞ്ഞ് അനുഭവിച്ച മാനസിക സമ്മർദ്ദം വളരെ വലുതായിരിക്കും. സ്കൂളിന്‍റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നിലപാടാണ് ആ കുഞ്ഞിനെ സമ്മർദ്ദത്തിലാക്കിയത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.വിദ്യാഭ്യാസം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തുല്യ ഉത്തരവാദിത്തമുള്ള വിഷയമാണ്. കേരളത്തിലെ വിദ്യാലയങ്ങൾ രാജ്യത്തും സംസ്ഥാനത്തും നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി വേണം പ്രവർത്തിക്കാൻ. ഭരണഘടന ഉറപ്പുനൽകുന്ന വിദ്യാർത്ഥികളുടെ മൗലിക അവകാശങ്ങളിൽ കടന്നുകയറാനോ അതിനെതിരായി സ്വന്തം ചട്ടങ്ങൾ ഉണ്ടാക്കാനോ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല.എല്ലാവരെയും ഉൾക്കൊള്ളുന്നതും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ വിദ്യാഭ്യാസ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. അതിന് വിഘാതം സൃഷ്ടിക്കുന്ന ഒരു നടപടിയും സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം