പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്ന പരാതിയിൽ മുൻ മന്ത്രിയും ആര്‍എസ്‍പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിനെതിരെ പൊലീസ് കേസ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്.
തിരുവനന്തപുരം: പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്ന പരാതിയിൽ മുൻ മന്ത്രിയും ആര്‍എസ്‍പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിനെതിരെ പൊലീസ് കേസ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്. ഷിബു ബേബി ജോണിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിര്‍മ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പരാതി. കുമാരപുരം സ്വദേശി അലക്സ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഷിബു ബേബി ജോണിന്‍റെ കുടുംബവും കെട്ടിട നിര്‍മ്മാണ കമ്പനിയും തമ്മിൽ ധാരണയുണ്ടായിരുന്നു.
ഈ ധാരണ പ്രകാരം 2020ൽ പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്നാണ് പരാതി. ആദ്യം സിവിൽ കേസാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പരാതി എഴുതി തള്ളിയിരുന്നു. എന്നാൽ, പരാതിക്കാരൻ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതോടെയാണ് കേസെടുത്തത്. ആൻഡ കൺസ്ട്രക്ഷൻ എന്ന നിര്‍മാണ കമ്പനിക്കാണ് 15 ലക്ഷം നൽകിയത്. ആൻഡ കമ്പനിയും ഷിബു ബേബി ജോണിന്‍റെ കുടുംബവും തമ്മിലായിരുന്നു ധാരണ.
ഒരു രൂപ പോലും വാങ്ങിയിട്ടില്ല, കേസ് നിയമവിരുദ്ധമെന്ന് ഷിബു ബേബി ജോണ്‍
അതേസമയം, ഒരു രൂപ പോലും താൻ വാങ്ങിയിട്ടില്ലെന്നും നിയമവിരുദ്ധമായ കേസാണെന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. നിര്‍മാണ കമ്പനിയുമായി ഭൂ ഉടമകള്‍ എന്ന നിലയിലാണ് ധാരണയുണ്ടാക്കിയതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. പരാതി നൽകിയ വ്യക്തിയെ അറിയില്ല. ഫ്ലാറ്റ് നിര്‍മിക്കുന്ന കമ്പനിയുമാണ് അഡ്വാൻസ് വാങ്ങിയവര്‍ക്ക് ഇടപാടെന്നും ഭൂമി നൽകുക മാത്രമാണ് തങ്ങള്‍ ചെയ്തിട്ടുള്ളെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഡെവലപ്പറെ സമീപിക്കണമെന്നാണ് കരാറിലുള്ളത്. നാലുവര്‍ഷത്തിനുള്ളിൽ ഫ്ലാറ്റ് നിര്‍മിച്ചു നൽകുമെന്ന് പറഞ്ഞ് കരാര്‍ വെച്ചിട്ടുള്ളതാണ്. എന്നാൽ, ഏഴുവര്‍ഷമായി പദ്ധതി നിലച്ച മട്ടാണ്. ഫ്ലാറ്റ് നിര്‍മാണത്തിന്‍റെ ഭാഗമായി ഒരു രൂപ പോലും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അവര്‍ ഏതാനും പേരിൽ നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ടുണ്ടെന്നും അറിയാൻ കഴിഞ്ഞു. കമ്പനി പദ്ധതിയുമായി സമീപിച്ചപ്പോള്‍ അതിനുള്ള ഭൂമി കൈമാറുക മാത്രമാണ് ചെയ്തതെന്നും അതിലും തങ്ങള്‍ക്ക് പണം ലഭിച്ചിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. പരാതിക്കാരനായ അലക്സിനെതിരെ മാനനഷ്‌ടകേസ് നൽകുമെന്നും നേരിട്ട് പോലും കണ്ടിട്ടില്ലാത്ത പരാതിക്കാരൻ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.




