
തൃശൂർ: ദിലീപിന്റെ കള്ളക്കഥ ആരോപണം പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്ന് പൾസർ സുനിയുടെ സഹതടവുകാരനായ ജിൻസൺ. നാളിതുവരെ നിലകൊണ്ടത് അതിജീവിയ്ക്കൊപ്പമാണ്. ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ട്. ഈ കോടതിയിലെ വിധി പ്രതീക്ഷിച്ചതാണെന്നും ജിൻസൺ പറഞ്ഞു. ഇനിയും പല കാര്യങ്ങളും വെളിപ്പെടുത്താനുണ്ടെന്നും സമയം പോലെ തുറന്ന് പറയുമെന്നും ജിൻസൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോടതിയ്ക്ക് മുൻപിൽ പല കാര്യങ്ങളും വെളിപ്പെടുത്തിയപ്പോൾ പരിഹസിച്ച അതേ കോടതി തന്നെയാണ് ഇപ്പോൾ വിധി പറഞ്ഞത്. വിധിയിൽ ആശങ്കയുണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതിനെ അന്തിമ വിധിയായി കാണുന്നില്ല. ദിലീപിനെ വെറുതെവിടാനുള്ള സാഹചര്യങ്ങൾ ഒരുക്കാൻ പലരും ശ്രമിക്കുമെന്ന് ധാരണയുണ്ടായിരുന്നു. അക്ഷരാർത്ഥത്തിൽ അത് തന്നെ സംഭവിച്ചു. കേസ് തുടങ്ങിയ കാലം മുതൽ എനിക്കുണ്ടായ അനുഭവങ്ങൾ അങ്ങനെയാണെന്നും ജിൻസൺ പറഞ്ഞു.
പൊലീസുകാർക്കെതിരെ ആരോപണവുമായി നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തമായ ശേഷം കോടതി മുറ്റത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിലീപ്. കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്നും ജയിലിലെ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനയുകയായിരുന്നെന്നും ദിലീപ് പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും അന്വേഷിക്കണമെന്നും മഞ്ജു വാര്യർ പറഞ്ഞയിടത്തു നിന്നാണ് തനിക്കെതിരെ ഗൂഢാലോചന നടന്നതെന്നും പറഞ്ഞു. മുൻ ഭാര്യ മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ പരാമർശം.
ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും അന്വേഷിക്കണമെന്നും മഞ്ജു വാര്യർ പറഞ്ഞയിടത്തു നിന്നാണ് തനിക്കെതിരെ ഗൂഢാലോചന നടന്നത്. ഒരു മേൽ ഉദ്യോഗസ്ഥനും ക്രിമിനൽ പൊലീസ് സംഘവും ചേർന്നാണ് അത് നടപ്പാക്കിയത്. മുഖ്യപ്രതിയെയും അയാളുടെ ജയിലിലെ കൂട്ടാളികളെയും ചേർത്തുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ ഉണ്ടാക്കി. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ആ കള്ളക്കഥ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസ് സംഘം ഉണ്ടാക്കിയ കള്ളക്കഥ കോടതിയിൽ തകർന്നു വീണു. യഥാർത്ഥ ഗൂഢാലോചന നടന്നത് തന്നെ പ്രതിയാക്കാൻ വേണ്ടിയായിരുന്നെന്നും തന്റെ ജീവിതം, കരിയർ ഒക്കെ നശിപ്പിക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പിന്തുണച്ചവർക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളിൽ വാദിച്ച അഭിഭാഷകർക്കും ദിലീപ് നന്ദി പറഞ്ഞു.