
കൊച്ചി :കേരളത്തെ ഞെട്ടിച്ച യുവനടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പ്രഖ്യാപിക്കും. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്., രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം (വടിവാൾ സലീം), ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസാണ് വിധി പ്രസ്താവിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും. ഇത് സമൂഹത്തിന് ഒരു പാഠമാകേണ്ട കേസാണെന്നും, പ്രതികൾ ചെയ്ത കുറ്റകൃത്യത്തിൻ്റെ ഗൗരവം പരിഗണിച്ച് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രോസിക്യൂഷൻ്റെ നിലപാട്.
പ്രതികൾക്കെതിരെ ചുമത്തിയ കൂട്ടബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് തെളിഞ്ഞതെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, കേസിൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
2017 ഫെബ്രുവരി 17-ന് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടുന്ന വാഹനത്തിൽ വച്ചാണ് നടി ആക്രമിക്കപ്പെട്ടതും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതും. 2018 മാർച്ച് 8-ന് ആരംഭിച്ച വിചാരണ നീണ്ട എട്ട് വർഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആറ് പ്രതികളുടെയും ജാമ്യം റദ്ദാക്കി. ഇവരെ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തിൻ്റെ മുഖ്യ ആസൂത്രകനെന്ന് പ്രോസിക്യൂഷൻ ആരോപിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതിയുടെ വിധിന്യായത്തിൽ പറയുന്നു. ദിലീപിനൊപ്പം ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി. നായർ എന്നിവരെയും കോടതി വെറുതെ വിട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam