പന്തളം കൊട്ടാരം ഭാരവാഹികളെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നേതാക്കളും സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് കൊട്ടാരത്തിൽ എത്തിയത്.

പത്തനംതിട്ട: പന്തളം കൊട്ടാരം ഭാരവാഹികളെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നേതാക്കളും സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് കൊട്ടാരത്തിൽ എത്തിയത്. ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറും അടൂരിലെ സ്ഥാനാർഥി പ്രിജി കണ്ണനും നേതാക്കളോടൊപ്പം ഉണ്ടായിരുന്നു. ശബരിമല യുവതീ പ്രവേശനത്തിലെ സർക്കാർ നിലപാട് മാറ്റത്തിന് പിന്നാലെയാണ് സന്ദർശനം.

ശബരിമല യുവതി പ്രവേശനത്തിൽ ദീർഘകാല ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് പന്തളം കൊട്ടാരം നിർവാഹകസംഘം സുപ്രീംകോടതിയിൽ സമർപ്പിച്ച വാദം. യുവതി പ്രവേശനത്തിൽ മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെയും സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം. സുപ്രീംകോടതി വിധിയിൽ ഭക്തരായ സ്ത്രീകൾ തന്നെ എതിർപ്പുയർത്തിയെന്ന സൂചനയും സർക്കാർ സത്യവാങ്മൂലത്തിൽ നൽകിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമലക്കേസിൽ നേരത്തെ സ്വീകരിച്ച നിലപാടിൽ നിന്ന് പിന്നോക്കം പോകുകയാണ് ഇടതു സർക്കാർ ചെയ്തത്.

സർക്കാർ സമർപ്പിച്ച വാദങ്ങൾ

വർഷങ്ങളായി തുടരുന്ന ആചാരങ്ങളിൽ കോടതിയുടെ പരിശോധന ആവശ്യമാണെങ്കിൽ ആ വിഭാഗത്തിലെ മതപണ്ഡിതരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടണം. ഇതിനായി സമിതി രൂപീകരിക്കണമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. വിശാല കൂടിയാലോചന ഇല്ലാതെ കോടതികളും ആചാരങ്ങളിൽ ഇടപെടരുത്. യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള കോടതി വിധി വന്നപ്പോഴുണ്ടായ സാഹചര്യങ്ങളും ഇതിനോടുള്ള സ്ത്രീകളുടെ പ്രതികരണവും നിലപാട് മാറ്റുന്നതിന് കാരണമാണെന്ന സൂചന സർക്കാർ സത്യവാങ്മൂലത്തിൽ നൽകുന്നു. മതവിഭാഗങ്ങളുടെ ആചാരങ്ങളെ മതത്തിന് പുറത്തുള്ളവർ പൊതുതാൽപര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാനാകില്ലെന്ന് സംസ്ഥാനം വാദിക്കുന്നു.

ഹീനമായ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതിൽ മാത്രമേ ഇത്തരം ഇടപെടൽ അനുവദിക്കാവൂ എന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്. അനുഛേദം 25 പ്രകാരമുള്ള മതസ്വാത്രന്ത്ര്യ അവകാശത്തിൽ മതാചാരങ്ങളും ഉൾപ്പെടും എന്നും സർക്കാർ പറയുന്നു. ഹിന്ദുവിഭാഗം എന്ന ഭരണഘടനാ പരാമർശത്തിൽ സ്ത്രീയും പുരുഷനും ഉൾപ്പെടുന്നു. എന്നാൽ തുല്യ അവകാശം എന്ന മുൻ സത്യവാങ് മൂലത്തിലെ ഖണ്ഡിക ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഇതാണ് ഇപ്പോഴത്തെയും നിലപാടെന്ന് സർക്കാർ പറയുന്നില്ല. ലിംഗസമത്വം ഉറപ്പാക്കണമെന്ന വിഎസ് -പിണറായി സർക്കാരുകളുടെ മുൻനിലപാടിൽ വെള്ളം ചേർത്ത് ആചാരങ്ങളിൽ കൂടിയാലോചന വേണമെന്ന സുരക്ഷിത നയത്തിലേക്കാണ് സർക്കാർ മലക്കം മറിഞ്ഞത്.