
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി പറയും മുമ്പ് ശിക്ഷാ വിധിയെ കുറിച്ച് നടന്ന വാദ പ്രതിവാദങ്ങൾക്കിടെ ഒന്നാം പ്രതി പൾസര്‍ സുനി കോടതിയിലെത്തി പറഞ്ഞത് ഒരേയൊരു കാര്യം. മറ്റ് പ്രതികൾ കുടുംബത്തിന്റെ അവസ്ഥയും പരമാവധി ശിക്ഷ കുറച്ച് തരണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചപ്പോൾ, വീട്ടിൽ അമ്മ തനിച്ചാണ് എന്ന് മാത്രമാണ് പൾസര്‍ സുനി പ്രതിക്കൂട്ടിൽ നിന്ന് കോടതിയോട് പറഞ്ഞത്. അതും ക്രൂരമായ ബലാത്സംഗത്തിൽ നേരിട്ട് പങ്കെടുത്തെന്ന് തെളിവ് സഹിതം കോടതിയിൽ തെളിയിക്കപ്പെട്ടപ്പോഴും ഭാവവ്യത്യാസങ്ങൾ ഒന്നും ഇല്ലാതെ ആയിരുന്നു പൾസര്‍ സുനിയുടെ കോടതിയിലെ പ്രതികരണം.
കേസ് പരിഗണിച്ചപ്പോൾ ശിക്ഷയിൽ ഒന്നാം പ്രതി പൾസർ സുനി ഇളവ് വേണമെന്ന് അഭിഭാഷകൻ മുഖേന അഭ്യർത്ഥിച്ചു. വീട്ടിൽ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്നായിരുന്നു അഭിഭാഷകൻ പറഞ്ഞ് പഠിപ്പിച്ചതെന്നോണം ഒന്നാം പ്രതി പൾസർ സുനിയെന്ന സുനിൽകുമാർ കോടതിയെ അറിയിച്ചത്. അതേസമയം, കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ നിന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിൻ ആവർത്തിച്ചു. താൻ നിരപരാധിയാണ്, തെറ്റ് ചെയ്തിട്ടില്ല, ശിക്ഷയിൽ ഇളവ് വേണം. ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നുവെന്നാണ് രണ്ടാം പ്രതിയും ലാൽ മീഡിയയുടെ ഡ്രൈവർ മാർട്ടിന്‍റെ വാദം. കേസിൽ ആദ്യം അറസ്റ്റിലായത് ഡ്രൈവർ മാർട്ടിനാണ്.
നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി ഇന്ന് തന്നെ ഉണ്ടാകും. 6 പ്രതികളുടെ ശിക്ഷാവിധിയാണ് ഇന്ന് പ്രഖ്യാപിക്കുക. പ്രതികളോട് സംസാരിച്ചതിന് ശേഷം, പങ്കാളിത്തം അനുസരിച്ചല്ലേ ശിക്ഷ വേണ്ടത് എന്നായിരുന്നു കോടതിയുടെ ചോദ്യം. ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. യഥാര്‍ത്ഥ കുറ്റവാളി പള്‍സര്‍ സുനിയാണ്. മറ്റുള്ളവര്‍ കുറ്റകൃത്യത്തിന്‍റെ ഭാഗമാണെന്നും കോടതി പറഞ്ഞു. പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല. അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു. ഒരു സ്ത്രീയുടെ അന്തസ്സിന്‍റെ കാര്യമാണിത്.
പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും കോടതിയിലെത്തിച്ചത്. മൂന്നാം പ്രതി മണികണ്ഠൻ കോടതിയെ അറിയിച്ചത് മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മകളും മകനുമുണ്ടെന്നും തന്നോടും കുടുംബത്തോടും അലിവ് കാണിക്കണമെന്നും പറഞ്ഞു. കുടുംബ പശ്ചാത്തലം പറഞ്ഞ് തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് നാലാം പ്രതി വിജീഷ് കോടതിക്ക് മുന്നിൽ പറഞ്ഞത്. താൻ തലശ്ശേരി സ്വദേശിയാണെന്നും തന്നെ കണ്ണൂർ ജയിലിൽ ഇടണമെന്നുമുള്ള ഒരാവശ്യം കൂടി വിജീഷ് കോടതിയോട് അഭ്യർത്ഥിച്ചു. കേസിലെ അഞ്ചാം പ്രതി വടിവാൾ സലിമും പറഞ്ഞത് താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മൂന്ന് വയസുള്ള പെൺകുട്ടിയുമുണ്ട്. ആറാം പ്രതി പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയിൽ സംസാരിച്ചത്. എല്ലാ പ്രതികളും കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയുടെ സഹതാപം നേടാനാണ് ശ്രമിച്ചത്. ആറ് പ്രതികളുടെയും ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകുമെന്ന് കോടതി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam