പിഎൻബി മാനേജർ കോഴിക്കോട് കോർപ്പറേഷന്റെ അക്കൌണ്ടിലെ ഒന്നരകോടി കൂടി തട്ടി; തെളിവുകൾ പുറത്ത്

By Web TeamFirst Published Dec 1, 2022, 5:26 PM IST
Highlights

പഞ്ചാബ് നാഷണൽ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്.

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്നും പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ കൂടുതൽ തുക തട്ടിയതിന് തെളിവ്. ഒന്നരക്കോടി രൂപ കൂടി തട്ടിയതിനാണ്  തെളിവുകൾ ലഭിച്ചത്. വിവിധ പദ്ധതികൾക്കായി സേവിങ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന തുകയാണ് മാനേജർ തട്ടിയെടുത്തത്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. ഇതോടെ കോർപ്പറേഷൻ നഷ്ടപ്പെട്ട തുക നാല് കോടി രൂപയ്ക്ക് മുകളിലായി. കോർപ്പറേഷന്റെ അക്കൌണ്ടിൽ നിന്നും തട്ടിപ്പ് നടത്തിയതിന്റെ വിവരങ്ങളാണ് നിലവിൽ പുറത്ത് വന്നത്. ബാങ്കിലെ മറ്റ് വ്യക്തികളുടെ അക്കൌണ്ടിൽ സമാനമായ രീതിയിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നാണ് ഇനി കണ്ടെത്തേണ്ടത്. ഇതടക്കമുള്ള അന്വേഷണങ്ങളുണ്ടായേക്കുമെന്നാണ് സൂചന. 

കോര്‍പറേഷന്‍റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബാങ്കിന്‍റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജര്‍ റിജില്‍ അച്ഛന്‍റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റയതായാണ് കോര്‍പറേഷന്‍ ആദ്യം കണ്ടെത്തിയത്. പിന്നീടാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. 

കോര്‍പറേഷന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13 അക്കൗണ്ടുകളാണ് ഉള്ളത്. ഇതില്‍ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം തിരിമറി നടത്തിയത്. നിലവിൽ എരഞ്ഞിപ്പാലം ശാഖയിലെ മാനേജരായ റിജില്‍ ലിങ്ക് റോഡ് ശാഖയില്‍ നേരത്തെ മാനേജരായിരുന്നു. ഈ സമയത്താണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് മാനേജര്‍ റിജിലിനെ പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്പെന്‍റ്  ചെയ്തിട്ടുണ്ട്. കോർപ്പറേഷൻ പൊലീസ് പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോയി. ബാങ്ക് ആഭ്യന്തര അന്വേഷണവും ബാങ്ക് തുടങ്ങിയിട്ടുണ്ട്. ലിങ്ക് റോഡ് ശാഖയിലെ ഇപ്പോഴത്തെ മാനേജരുടെ പരാതിയിലും ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്. ഏറ്റവും ഒടുവിലായി, മാനേജർ റിജിൽ തട്ടിയെടുത്ത തുകയിൽ 2.53 കോടിയോളം രൂപ പഞ്ചാബ് നാഷണൽ ബാങ്ക്, കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് തിരിച്ചടച്ചിട്ടുണ്ട്. 

അക്കൌണ്ട് തട്ടിപ്പ്: കോഴിക്കോട് കോർപ്പറേഷനും വീഴ്ച; ലോക്കൽ ഫണ്ട് ഓഡിറ്റ് നൽകിയ നിർദ്ദേശം പാലിച്ചില്ല

 

 

click me!