വിഴിഞ്ഞത്ത് ശക്തമായ നടപടിക്ക് തീരുമാനം, അറസ്റ്റിലേക്ക് കടക്കും; അക്രമികളെ കണ്ടെത്താൻ സിസിടിവി പരിശോധന: ഡിജിപി

By Web TeamFirst Published Dec 1, 2022, 5:24 PM IST
Highlights

തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പങ്കാളിത്തവും അന്വേഷിക്കുമെന്ന് പറഞ്ഞ ഡി ജി പി നിലവിൽ വിഴിഞ്ഞത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും വ്യക്തമാക്കി.

മലപ്പുറം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരവുമായി ബന്ധപ്പെട്ടുണ്ടായ അക്രമണങ്ങളിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് വ്യക്തമാക്കി. ശക്തമായ നടപടിയിലേക്ക് നീങ്ങാനാണ് തീരുമാനമെന്ന് ഡി ജി പി അനിൽ കാന്ത് പറഞ്ഞു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് ഉടൻ കടക്കുമെന്നും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും നടപടിയുണ്ടാകുമെന്നും അദ്ദേഹം വിവരിച്ചു. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പങ്കാളിത്തവും അന്വേഷിക്കുമെന്ന് പറഞ്ഞ ഡി ജി പി നിലവിൽ വിഴിഞ്ഞത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും വ്യക്തമാക്കി.

'വിഴിഞ്ഞം സമരക്കാര്‍ തീവ്രവാദികളോ? ദേശാഭിമാനിയിലെ ചിത്രത്തിലൊരാള്‍ മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരന്‍'

അതിനിടെ വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. സമരം ചെയ്യുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്ന അരക്ഷിതബോധം എല്ലാ ഏകാധിപതികള്‍ക്കുമുണ്ട്. അതേ അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനും ഉണ്ടായിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. സമരക്കാരെ തീവ്രവാദികളാക്കി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണ്. സി പി എം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒന്‍പത് പേരുടെ മുഖചിത്രം നല്‍കിയിട്ടുണ്ട്. അതില്‍ ഒരാള്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്. തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ചിത്രത്തിലുള്ള മറ്റൊരു വൈദികന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആന്റണി രാജുവിനും കടകംപള്ളി സുരേന്ദ്രനും വേണ്ടി പരസ്യമായി പ്രവര്‍ത്തിച്ച ആളാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്ത കര്‍ഷകരെ തീവ്രവാദികളായും മാവോയിസ്റ്റുകളായും അര്‍ബന്‍ നക്‌സലൈറ്റുകളായും മോദി സര്‍ക്കാര്‍ ചിത്രീകരിച്ചതു പോലെയാണ് വിഴിഞ്ഞത്ത് നാല് വര്‍ഷമായി സിമെന്റ് ഗോഡൗണില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ പുനരധിവാസം ആവശ്യപ്പെട്ട് നടത്തുന്ന സമരത്തെ തീവ്രവാദ പ്രവര്‍ത്തനമായി പിണറായി സര്‍ക്കാര്‍ ചിത്രീകരിക്കുന്നത്. വികസനത്തിന്റെ ഇരകളായി മാറിയ പാവങ്ങളെ താല്‍ക്കാലികമായി വാടക വീട്ടിലേക്ക് മാറ്റി ഭാവിയില്‍ വീട് നിര്‍മ്മിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്നാണ് പ്രതിപക്ഷം ചോദിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.

click me!