
പത്തനംതിട്ട: പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. സിപിഎം പ്രവർത്തകരായ ശോഭിക, മായ, കുഞ്ഞമ്മ വിജയൻ, പൊന്നമ്മ, ഷിജോ കുരുവിള എന്നിവരാണ് അറസ്റ്റിലായത്. കോയിപ്രം പൊലീസ് സ്റ്റേഷനിൽ സൗമ്യ വിജയൻ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ഇന്നലെയാണ് പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായത്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ച് ഒരു സംഘം ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് സൗമ്യ വിജയൻ ആരോപിച്ചിരുന്നു. സ്ത്രീകളാണ് ശാരീരികമായി ആക്രമിച്ചതെന്നും സിപിഎം പഞ്ചായത്ത് അംഗങ്ങളായ ഷിജു പി.കുരുവിള , സാബു ബഹന്നാൻ എന്നിവരാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നുമായിരുന്നു സൗമ്യയുടെ ആരോപണം. എന്നാല്‍, പ്രസിഡന്‍റ് പഞ്ചായത്ത് ഓഫീസിലെത്തിയപ്പോൾ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നുസിപിഎമ്മിന്റെ വിശദീകരണം.
എൽഡിഎഫ് സ്വതന്ത്രയാണ് പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയൻ. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടിരുന്നു. ഇത് പരാജയപ്പെട്ടതിന്റെ വാശിയാണ് ആക്രമണത്തിന് പിന്നിലെന്നും യുഡിഎഫ് പിന്തുണയോടെ ഭരണം മുന്നോട്ട് കൊണ്ട്പോകുമെന്നും സൗമ്യ വിജയൻ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാഹനം തല്ലി തകർത്തവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam