
തൃശ്ശൂര്‍: പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പുതിയതായി നിർമ്മിച്ച ഐസൊലേഷൻ വാർഡിൻ്റെ സീലിംഗ് തകർന്നുവീണു. ചൊവ്വാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം. വാർഡിൻ്റെ വരാന്തയിലെ പിവിസി ഷീറ്റിൽ തീർത്ത സീലിംഗാണ് തകർന്നുവീണത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഐസൊലേഷൻ വാർഡ് ഉദ്ഘാടനം കഴിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഐസൊലേഷൻ വാർഡ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചത്. എന്നാല്‍, ഇലക്ട്രിക്കൽ പണികൾ പൂർത്തിയാകാത്തത് മൂലം ഇതുവരെ വാർഡ് തുറന്നുകൊടുത്തിട്ടില്ല. ഇലക്ട്രിക്കൽ പണികളുടെ ഭാഗമായി സീലിംഗ് അഴിച്ച് വയറിങ് ജോലികൾ ചെയ്തത് പരിശോധിച്ച ശേഷം സീലിംഗ് ഉറപ്പിക്കാത്തതാണ് തകർന്നുവീഴാൻ കാരണമെന്ന് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം ചന്ദ്രൻ അറിയിച്ചു.