ഞെട്ടൽ മാറാതെ പുത്തുമല; ഇനിയും എട്ടുപേർ, രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സൈന്യം ഇന്നെത്തും

By Web TeamFirst Published Aug 11, 2019, 7:44 AM IST
Highlights

10 മുതൽ 15 അടി വരെ ഉയത്തിലാണ് പുത്തുമലയിൽ മണ്ണ് കുന്നുകൂടി നിൽക്കുന്നത്. ആളുകൾ ഇപ്പോഴും അതിനടിയിൽ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. 

വയനാട്: പുത്തുമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ഇതുവരെ ഒമ്പത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും എട്ടുപേരെ കണ്ടെത്താനുണ്ടെന്ന് കൽപറ്റ എഎൽഎ സികെ ശശീന്ദ്രൻ പറ‍ഞ്ഞിരുന്നു. അരവണൻ, അബൂബക്കർ, റാണി, ശൈല, അണ്ണാ,​ ഗൗരി ശങ്കർ, നബീസ്, ഹംസ എന്നിവരേയാണ് കാണാതായതെന്ന് ജില്ലാഭരണകൂടം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസത്തെക്കാൾ വളരെ തെളിഞ്ഞ പ്രഭാതമാണ് വയനാട്ടിൽ ഇന്ന് കാണുന്നത്. ഇന്നലെ മുതൽ പുത്തുമലയടക്കമുള്ള മേഖലകളിൽ മഴ പെയ്തിരുന്നില്ല. അതുകൊണ്ട് നേരത്തെ തന്നെ പുത്തുമലയിൽ രക്ഷാപ്രവർത്തനങ്ങൾ തുടങ്ങാൻ സാധിക്കും. അതേസമയം, ജില്ലാഭരണകൂടം ആവശ്യപ്പെട്ട പ്രകാരം രക്ഷാപ്രവർത്തനങ്ങൾക്കായി കേന്ദ്ര സൈന്യത്തിന്റെ ഒരു കോളം ഇന്ന് വയനാട്ടിലെത്തും.

10 മുതൽ 15 അടി വരെ ഉയത്തിലാണ് പുത്തുമലയിൽ മണ്ണ് കുന്നുകൂടി നിൽക്കുന്നത്. ആളുകൾ ഇപ്പോഴും അതിനടിയിൽ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. ഫയർഫോഴ്സ്, ഹാരിസൺ പ്ലാന്റേഷനിലെ തൊഴിലാളികൾ, പൊലീസ്, സൈന്യം എന്നിവർ സംയുക്തമായാണ് പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. മണ്ണ് മാറ്റി ആളുകളെ പുറത്തെത്തിക്കുകയാണ് നിലവിൽ പുത്തുമലയിൽ രക്ഷാപ്രവർത്തകർ ചെയ്യുന്നത്.

പുത്തുമലയിൽ ഇന്നലെ മണ്ണിടിച്ചൽ ഉണ്ടായത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ശക്തമായതിനെ തുടർന്ന് പുത്തുമല പോലെ സമാനമായ രീതിയിലുള്ള മലയോര മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന് അവലോകന യോ​ഗം തീരുമാനിച്ചു. ഇതിനെത്തുടർന്ന് ഇന്നലെ മാത്രം രണ്ടായിരത്തോളം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. എലിവയൽ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നാണ് ആളുകളെ മാറ്റി പാർപ്പിച്ചത്. ജില്ലയില്‍ ഇരുന്നൂറിലധികം ദുരിതാശ്വാസ ക്യമ്പുകളിലായി മുപ്പത്തിഅയ്യായിരത്തിലധികം ആളുകൾ കഴിയുന്നുണ്ട്.  

click me!