
കോട്ടയം: ഒരു മാസത്തോളം നീണ്ടുനിന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം സ്ഥാനാർത്ഥികളും നേതാക്കളും പ്രവർത്തകരും ചേർന്ന് കോട്ടയത്തെ ആവേശത്തിലാക്കുകയായിരുന്നു. ഇതുവരെ കാണാത്തയത്ര ആവേശമായിരുന്നു പുതുപ്പള്ളിയിൽ ഇക്കുറി. ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെ തേടിയുള്ള തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും ലിജിൻ ലാലും ചേർന്ന് പുതുപ്പള്ളിയെ ഇളക്കിമറിക്കുകയായിരുന്നു. വലിയ ആവേശം കണ്ട പരസ്യ പ്രചാരണത്തിന്‍റെ കൊട്ടിക്കലാശം വൈകിട്ട് ആറ് മണിക്ക് പാമ്പാടിയിൽ വെടിക്കെട്ടോടുകൂടിയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പദയാത്ര നടത്തി കൊട്ടിക്കലാശത്തിൽ പങ്കുചേർന്നപ്പോൾ ഇടത് മുന്നണി സ്ഥാനാർത്ഥി ജെയ്ക് റോഡ് ഷോയും പ്രസംഗവും നടത്തിയാണ് പ്രവർത്തകർക്ക് ആവേശം പകർന്നത്. കലാശക്കൊട്ടിന് പദയാത്ര തെരഞ്ഞെടുത്തതിന്‍റെ കാരണവും ചാണ്ടി ഉമ്മൻ പിന്നീട് വ്യക്തമാക്കി.
കലാശക്കൊട്ട് എന്ന ആഘോഷത്തിന്‍റെ ഭാഗമാകാനുള്ള മാനസികാവസ്ഥയിൽ അല്ല താനെന്നാണ് ചാണ്ടി പറഞ്ഞത്. ഉമ്മൻചാണ്ടിയുടെ മരണം ഉണ്ടാക്കിയ തിരഞ്ഞെടുപ്പാണ് ഇത്. അതുകൊണ്ടുതന്നെ ആഘോഷത്തിന്‍റെ മാനസികാവസ്ഥ തനിക്കില്ലെന്നും ചാണ്ടി വിവരിച്ചു. അവസാന മണിക്കൂറിൽ പദയാത്ര തെരഞ്ഞെടുത്തത് അതുകൊണ്ടാണെന്നും യു ഡി എഫ് സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.
എന്നാൽ ചാണ്ടി ഉമ്മന് വേണ്ടി വോട്ട് തേടി കലാശക്കൊട്ടിനിടെ അച്ചു ഉമ്മൻ റോഡ് ഷോ നടത്തി. തൃക്കാക്കര എം എൽ എ ഉമാ തോമസും അച്ചു ഉമ്മനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. നേരത്തെ കെ പി സി സി അധ്യക്ഷൻ കെ സുധാകരനും ശശി തരൂർ എം പിയുമടക്കമുള്ളവരും പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിവസം ആവേശമാക്കാൻ പുതുപ്പള്ളിയിലെത്തിയിരുന്നു.
അതേസമയം എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പാമ്പാടിയിൽ റോഡ‍് ഷോ നടത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് കൊട്ടിക്കലാശത്തിൽ പങ്കുചേർന്നത്. റോഡ് ഷോയ്ക്കിടെ പ്രസംഗത്തിലൂടെ പ്രവർത്തകർക്ക് ആവേശം പകരാനും ജെയ്ക്കിന് സാധിച്ചു. എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാലാകട്ടെ ക്രയിനിൽ കയറി കൈവിശിക്കാണിച്ചായിരുന്നു കലാശക്കൊട്ട് ആവേശമാക്കിയത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ലിജിനൊപ്പം ക്രെയിനിൽ കയറി പ്രവർത്തകർക്ക് ആവേശം പകർന്നു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നതും കൊട്ടിക്കലാശത്തെ ശ്രദ്ധേയമാക്കി. പരസ്യപ്രചാരണം അവസാനിച്ചതോടെ നാളെ പുതുപ്പള്ളിയിൽ നിശ്ശബ്ധ പ്രചാരണത്തിനുള്ള സമയമാണ്. അത് കഴിഞ്ഞ് സെപ്തംബർ അഞ്ചിനാണ് പുതുപ്പള്ളി ജനത ഉമ്മൻ ചാണ്ടിയുടെ പകരക്കാരനാരെന്ന് വിധി എഴുതുക.
അതേസമയം കൊട്ടിക്കലാശത്തിന്‍റെ അവസാന മണിക്കൂറുകളിൽ പുതുപ്പള്ളിയിൽ ചർച്ചയായത് കെ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പോത്ത് പരാമർശവും ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദ ഓഡിയോയുമാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഒന്നാം ദിനം മുതൽ തുടങ്ങിയ വ്യക്തി അധിക്ഷേപങ്ങൾക്ക് കലാശക്കൊട്ടിന്‍റെ അവസാന ലാപ്പിലും അവസാനമായിരുന്നില്ല. എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പൂർണ്ണ ഗർഭിണിയായ ഭാര്യയെയും, തെരഞ്ഞെടുപ്പിന്‍റെ ഒരു ഘട്ടത്തിലും രംഗത്തെത്താതിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയെയും മകൾ അച്ചു ഉമ്മനെയും സൈബർ കൂട്ടങ്ങൾ വെറുതെ വിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം