
കോട്ടയം: തെരഞ്ഞെടുപ്പ് ചൂടിലേക്കെത്തിയ പുതുപ്പള്ളിയിൽ ആകാംഷകൾക്ക് വിരാമമിട്ട് ജെയ്ക് സി തോമസ് തന്നെ ഇടത് മുന്നണി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. ഇടത് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസ് ആഗസ്റ്റ് 17 ന് പത്രിക നൽകും. 16 ന് എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ നടക്കും. മുതിർന്ന നേതാക്കൾക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പുതുപ്പള്ളിയിൽ പ്രചാരണത്തിനിറങ്ങും. രണ്ട് ഘട്ടങ്ങളിലായാണ് മുഖ്യമന്ത്രി പ്രചാരണത്തിനെത്തുക. തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർവ്വഹിക്കും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിന് ഇറക്കാനാണ് സിപിഎം തീരുമാനം. ജില്ലാസെക്രട്ടേറിയറ്റ് നൽകിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്ത് നടക്കും. ഉമ്മൻചാണ്ടിയെന്ന വികാരം പരമാവധി മുതലെടുത്ത് ഉപതെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കോൺഗ്രസിനെ നേരിടാൻ 2021 ലെ തെരഞ്ഞടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ വിറപ്പിച്ച ജെയ്ക് സി തോമസ് തന്നെ വേണമെന്നായിരുന്നു പാർട്ടി തീരുമാനം. ലോക്കൽ കമ്മിറ്റികളിൽ നിന്ന് നൽകിയ ഒറ്റപ്പേര് ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ വച്ചപ്പോൾ, ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം മാത്രം പറയണമെന്നുറപ്പിച്ച സംസ്ഥാന നേതൃത്വത്തിനും മറിച്ചൊരഭിപ്രായമുണ്ടായിരുന്നില്ല. 2016 ലും 2021 ലും ഉമ്മൻചാണ്ടിക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച ജെയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് എതിരാളിയാകും. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക്ക നിലവിൽ കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്രകമ്മിറ്റിയിലും ഉണ്ട്. മണര്‍കാട് സ്വദേശിയായ ജെയ്ക് സി തോമസിന് മതസാമുദായിക ഘടകങ്ങളും അനുകൂലമെന്നാണ് വിലയിരുത്തൽ.
'പുതുപ്പള്ളിയില്‍ ഒരു പുണ്യാളനേ ഉള്ളൂ, 'അത് ഗീവര്‍ഗീസ് പുണ്യാളന്‍': ജെയ്ക് സി തോമസ്