പുതുപ്പള്ളിയിൽ 'ചാണ്ടി'പ്പെരുന്നാള്‍, ചരിത്ര ഭൂരിപക്ഷം; ജെയ്ക്കിന് ഹാട്രിക് തോൽവി, തണ്ടൊടിഞ്ഞ് താമര

Published : Sep 08, 2023, 11:46 AM ISTUpdated : Sep 08, 2023, 03:39 PM IST
പുതുപ്പള്ളിയിൽ 'ചാണ്ടി'പ്പെരുന്നാള്‍, ചരിത്ര ഭൂരിപക്ഷം; ജെയ്ക്കിന് ഹാട്രിക് തോൽവി, തണ്ടൊടിഞ്ഞ് താമര

Synopsis

പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം.

കോട്ടയം: കേരളരാഷ്ട്രീയം ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 37719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മന്‍റെ
മിന്നും ജയം.  ഉമ്മൻചാണ്ടിയോടുള്ള വികാരത്തിനപ്പുറം ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയ തെരഞ്ഞെടുപ്പിൽ, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടേത്. പോൾ ചെയ്ത വോട്ടുകളുടെ 61 ശതമാനവും വാരിക്കൂട്ടിയ ചാണ്ടി ഉമ്മൻ എതിർ സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ അക്ഷരാർത്ഥത്തിൽ നിലംപരിശാക്കി. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ 14,726 വോട്ടുകൾ കൂടിയപ്പോൾ എൽഡിഎഫിന്  12,684  വോട്ടുകൾ കുറഞ്ഞു. വെറും 6447 വോട്ടുകൾ മാത്രം നേടാനായ ബിജെപി പുതുപ്പള്ളിയിലും നാണംകെട്ടു.

പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ചാണ്ടി ഉമ്മന്‍ ബഹുദൂരം പിന്നിലാക്കി. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. 2021ല്‍ ഉമ്മൻചാണ്ടിക്ക് 9044 വോട്ടിന്‍റെ ഭൂരിപക്ഷം നൽകിയാണ് പുതുപ്പള്ളി നിയമസഭയിലേക്ക് ടിക്കറ്റ് നൽകിയത്. കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻചാണ്ടി കിതച്ച 2021ല്‍ നിന്ന് 2023ല്‍ എത്തുമ്പോള്‍ ചാണ്ടി ഉമ്മൻ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്നു. ഒരു ഘട്ടത്തില്‍ പോലും ചാണ്ടിയെ മുന്നേറാന്‍ ജെയ്ക് സി തോമസിനായില്ല. 

Also Read: പുതുപ്പള്ളിയില്‍ സിപിഎമ്മിന്‍റെ ആദ്യ പ്രതികരണം; എല്‍ഡിഎഫ് ജയിച്ചാൽ ലോകാത്ഭുതമെന്ന് എ കെ ബാലൻ

കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയിരിക്കുന്നത്. അയര്‍ക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിക്ക് 1293 വോട്ടിന്‍റെ ലീഡാണ് ഉണ്ടായിരുന്നത്. അത് മറികടന്ന് ലീഡ് ഉയര്‍ത്താൻ ചാണ്ടി ഉമ്മന് സാധിച്ചു. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണിയത്. ഇതില്‍ എല്ലാ ബൂത്തുകളിലും ലീഡ് നേടാൻ ചാണ്ടിക്ക് സാധിച്ചു. ജെയ്ക് സി തോമസ് താമസിക്കുന്ന മണര്‍ക്കാടും ചാണ്ടി ഉമ്മനാണ് മുന്നേറിയത് എന്നാണ് വിവരം. ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായ പഞ്ചായത്തുകളിൽ ഒന്നായിരുന്നു മണർകാട്. ഇവിടെ 1213 വോട്ടിനായിരുന്നു കഴിഞ്ഞ തവണ ജെയ്ക് ലീഡ് ചെയ്തത്. ഇത്തവണ പക്ഷേ മണര്‍കാടും ജെയ്ക്കിനെ തുണച്ചില്ല. അതേസമയം, ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാല്‍ ചിത്രത്തിൽ പോലുമില്ല.

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം തത്സമയം

Asianet News

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി