
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന്റെ വേദനയ്ക്കിടയിലും പുതുപ്പള്ളിയിൽ വീണ്ടും ഒരു രാഷ്ട്രീയ പോരാട്ടത്തിന്റെ ചൂടും ചൂരും നിറയുകയാണ്. ഇടത് വലത് മുന്നണി സ്ഥാനാർഥികൾ കളത്തിലെത്തിയതോടെ പ്രചരണ രംഗവും പതിയെ ചൂട് പിടിക്കുകയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസനം മുതൽ വിലക്കയറ്റം വരെ നിരവധി വിഷയങ്ങൾ ചർച്ചയാക്കി മുന്നണികൾ മുന്നേറുകയാണ്.
പുതുപ്പള്ളിയിൽ വികസന സംവാദത്തിന് ചാണ്ടി ഉമ്മനെ ജെയ്ക് സി തോമസ് വെല്ലുവിളിച്ചപ്പോൾ വിലക്കയറ്റം പിടിച്ചുനിർത്താൻ എന്തുചെയ്തെന്ന ചോദ്യമാണ് ചാണ്ടി ഉമ്മൻ ഉന്നയിക്കുന്നത്. ഇരു സ്ഥാനാർഥികളും പ്രചരണ രംഗത്ത് മുന്നേറുമ്പോൾ ബി ജെ പി പ്രവർത്തകർ സ്ഥാനാർത്ഥി ആരാകും എന്നറിയാനുള്ള കാത്തിരിപ്പ് തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതീക്ഷിച്ച ആ തീരുമാനം ഇന്നെങ്കിലും ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് പുതുപ്പള്ളിയിലെ ബി ജെ പി പ്രവർത്തകർ.
പുതുപ്പള്ളിയിൽ വികസനം ചർച്ചയാക്കി ജെയ്ക്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസനം പ്രധാന ചർച്ചയാക്കുകയാണ് ഇടതു മുന്നണി സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. പുതുപ്പള്ളിയുടെ വികസന കാഴ്ച്ചപ്പാട് രൂപപ്പെടുത്താൻ ചുമതലപ്പെട്ടവർ അതിൽ പരാജയപ്പെട്ടു എന്നത് വൈകിയാണെങ്കിലും എല്ലാവരും തിരിച്ചറിഞ്ഞുകഴിഞ്ഞെന്നാണ് ജെയ്കിന്‍റെ പക്ഷം. യു ഡി എഫിന്‍റെ കയ്യിൽ രാഷ്ട്രീയ അധികാരമുണ്ടായിരുന്ന സമയത്ത് വികസനം സാധ്യമാക്കുന്ന ഇടപെടലുകളും നിയമനിർമ്മാണവും ഈ മണ്ഡലത്തിൽ ഉണ്ടായിട്ടില്ലെന്നും ഇടത് സ്ഥാനാർഥി ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. ജനങ്ങളിൽ നിന്ന് ഉയരുന്ന വികസനം എന്ന ചോദ്യത്തിൽ നിന്ന് മണ്ഡലത്തിന്‍റെ ഭരണം നിയന്ത്രിച്ചിരുന്നവർ ഒളിച്ചോടുകയാണ്. എങ്കിലും നമ്മൾക്ക് നിരന്തരം ഈ ചോദ്യം ചോദിച്ചുകൊണ്ടേ ഇരിക്കാമെന്നും ജെയ്ക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.
ചാണ്ടി ഉമ്മന് വിജയാശംസകൾ നേർന്ന് രാഹുൽ ഗാന്ധി
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് വിജയാശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചാണ്ടി ഉമ്മനെ ഫോണിൽ വിളിച്ചാണ് രാഹുൽ ഗാന്ധി ആശംസകൾ അറിയിച്ചത്. ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രവർത്തനങ്ങളും രാഹുൽ വിലയിരുത്തി. ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടണമെന്നും, പിതാവിന്റെ പാത പിന്തുടർന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് രാഹുൽ ഗാന്ധി ചാണ്ടി ഉമ്മനോട് പറഞ്ഞു. മീനടം മണ്ഡലത്തിൽ മഞ്ഞാടി ഭാഗത്ത് ഗൃഹസന്ദർശനം നടത്തി കൊണ്ടിരിക്കുമ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ വിളി വന്നത്. രാഹുൽ ഗാന്ധിയുടെ ആത്മാർത്ഥമായ പിന്തുണ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതായി ചാണ്ടി ഉമ്മനും പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam